നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുന്ന എത്രയെത്ര പോഷകങ്ങള്‍ – വിറ്റാമിനുകളും ധാതുക്കളും – ഒന്നുചേര്‍ന്ന് കാണണമെങ്കില്‍ വീട്ടുതൊടിയിലെ മുരിങ്ങയിലയെ അടുത്തറിയണം.പ്രോട്ടീനുകള്‍ കൊണ്ടാണ് ശരീരം നിര്‍മിച്ചിരിക്കുന്നത്. പ്രോട്ടീനുകള്‍ രൂപപ്പെടുന്നത് അമിനോ ആസിഡില്‍ നിന്നും. സാധാരണഗതിയില്‍ മുട്ട, പാല്, ഇറച്ചി, പാലുത്പന്നങ്ങള്‍ എന്നിവയൊക്കെയാണ് അമിനോ ആസിഡിന്റെ ഇരിപ്പിടങ്ങള്‍. അപ്പോള്‍ സസ്യാഹാരം കഴിക്കുന്നവര്‍ എന്തു ചെയ്യും? അവര്‍ക്കു മുരിങ്ങയില കഴിക്കാം. ഇതില്‍ പ്രോട്ടീന്‍ കടലോളം. തൈരിലുളളതിന്റെ രണ്ടിരട്ടി പ്രോട്ടീന്‍ ഇതിലുണ്ട്.
വിറ്റാമിന്‍ സി
ഓറഞ്ചില്‍ ഉളളതിന്റെ ഏഴിരട്ടി വിറ്റാമിന്‍ സി മുരിങ്ങയിലയിലുണ്ട്.രോഗങ്ങളെ അടിച്ചോടിക്കാനുളള ആയുധമാണ് വിറ്റാമിന്‍ സി. കീടനാശിനി കലരാത്ത ശുദ്ധമായ മുരിങ്ങയില കൂട്ടിയാല്‍ പ്രതിരോധവും ഭദ്രം.
മുരിങ്ങയില കറിവയ്ക്കാം
മുരിങ്ങയില അടര്‍ത്തി പൊടിയും പൊട്ടുമൊക്കെ തിരിഞ്ഞു മാറ്റുക. പിന്നെ കടുവറുത്ത് ഇല അതിലിട്ടിളക്കി വഴറ്റിയെടുക്കണം. അതിന്റെ പച്ചചുവ മാറി വരുന്നതു വരെ ഇളക്കിക്കൊടുക്കണം. പാത്രത്തിന്റെ അടിയില്‍ പിടിക്കാതിരിക്കാനും ഇലകള്‍ ഒന്നുചേര്‍ന്നു കട്ടയാകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.
ഇല വഴറ്റിയതു പാകമാകുന്പോള്‍ തേങ്ങ ചിരകിയത്, വെളുത്തുളളി, ജീരകം, മുളക് എന്നിവ ചേര്‍ത്ത് അരച്ചത് അതിലേക്കു ചേര്‍ത്തിളക്കുക. ആവശ്യത്തിനു വെളളവും ഉപ്പും ചേര്‍ക്കുക. തിളയ്ക്കുന്നതു വരെ കാത്തു നില്‍ക്കേണ്ട. പതഞ്ഞു വരുമ്പോൾ വാങ്ങി വയ്ക്കണം. അതാണു പരുവം. മുരിങ്ങയിലക്കറി റെഡി. രുചികരം, പോഷകസന്പന്നം, ആരോഗ്യദായകം.
കാല്‍സ്യത്തിന്റെ കലവറ
എല്ലുകളുടെയും പല്ലുകളുടെയും കരുത്തിനു കാല്‍സ്യം അവശ്യം. വീട്ടുപറന്പില്‍ മുരിങ്ങയുളളപ്പോള് എന്തിനാണു ഗുളിക? മുരിങ്ങയില കാല്‍സ്യത്തിന്റെ കലവറയാണ്. പാലിലുളളതിന്റെ നാലിരട്ടി കാല്‍സ്യം മുരിങ്ങയിലയിലുണ്ട്.
പൊട്ടാസ്യം വേണ്ടുവോളം
ഏത്തപ്പഴത്തില്‍ ഉള്ളതിന്റെ മൂന്നിരട്ടി പൊട്ടാസ്യം മുരിങ്ങയിലയിലുണ്ട്. തലച്ചോറ്, നാഡികള്‍ എന്നിവയുടെ ആരോഗ്യത്തിന് പൊട്ടാസ്യം കൂടിയേ തീരൂ. ഉയര്‍ന്ന ബിപി, സ്ട്രോക്ക് എന്നിവ തടയാന്‍ സഹായകം.
വിറ്റാമിന്‍ എ
കാരറ്റിലുളളതിലും നാലിരട്ടി വിറ്റാമിന്‍ എ മുരിങ്ങയിലയിലുണ്ട്. കണ്ണ്, ചര്‍മം, ഹൃദയം എന്നിവയെ രോഗങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ വിറ്റാമിന്‍ എ സഹായകം.
ഓട്സിലും ചേര്‍ക്കാം – ഓട്സ് കാച്ചുന്പോള്‍ അതിലും ഒരു പിടി മുരിങ്ങയില ചേര്‍ക്കാം. ഗോതന്പുപൊടി കുഴച്ച് അപ്പമുണ്ടാക്കുന്പോള് അതില്‍ തേങ്ങ ചിരകിയത്, ഉളളി, ഇഞ്ചി, കറിവേപ്പില എന്നിവയ്ക്കൊപ്പം അല്പം മുരിങ്ങയില കൂടി ചേര്‍ത്ത് ആരോഗ്യദായകമാക്കാം.
മുരിങ്ങയില തോരന്‍ വയ്ക്കാം
കടുവറുക്കുക. മുരിങ്ങയില അതിലിട്ട് നന്നായി ഇളക്കിക്കൊടുക്കണം. തുടര്‍ച്ചയായി ഇളക്കിയില്ലെങ്കില്‍ തോരന്‍ പാത്രത്തിന്റെ അടിക്കു പിടിക്കാനും തോരന്‍ കട്ടകളായി രൂപപ്പെടാനും സാധ്യത ഏറെയാണ്.
ഇലയുടെ പച്ചച്ചുവ മാറിക്കിട്ടിയാല്‍ തേങ്ങ ചിരകിയത്, വെളുത്തുളളി, ജീരകം, മുളക് എന്നിവ ചേര്‍ത്ത് അരച്ചെടുത്തതു ചേര്‍ത്ത് ഇളക്കിക്കൊടുക്കണം. തോരനാക്കുന്പോള് അതിനൊപ്പം ചെറുപയര്‍ വേവിച്ചതു കൂടി ചേര്‍ത്താല്‍ കയ്പ്പു കുറയും. മറ്റു പച്ചക്കറികള്‍ ചേര്‍ക്കുന്നതും നന്ന്. കാരറ്റും ചക്കയുടെ സീസണില്‍ ചക്കക്കുരുവും വേവിച്ചു ചേര്‍ക്കുന്നതു കയ്പു കുറയ്ക്കാനും രുചി കൂട്ടാനും സഹായകം.
മള്‍ട്ടിവിറ്റാമിന്‍ ചെടി!
മള്‍ട്ടിവിറ്റാമിന്‍ ഗുളികകള്‍ക്കു പിന്നാലെ പായുന്നവര്‍ സ്വന്തം പറന്പില് നില്ക്കുന്ന മുരിങ്ങയെ മറക്കുകയാണ്. വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, കാല്‍സ്യം, ക്രോമിയം, കോപ്പര്‍, നാരുകള്‍, ഇരുന്പ്, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീന്‍, സിങ്ക് എന്നിവയുടെ അക്ഷയപാത്രമായ മുരിങ്ങയിലയെ മള്‍ട്ടിവിറ്റാമിന്‍ ഇല എന്നല്ലാതെ എന്താണു വിളിക്കേണ്ടത്!