അല്‍ഷിമേഴ്സ് ഒരു മഹാ രോഗംമാണോ ? എന്താണ് അല്‍ഷിമേഴ്സ്

age

ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അൽഷിമേഴ്സ് രോഗം. നിലവിൽ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ ഒരു രോഗമാണിത്.വാര്‍ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്സ്. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാര്‍ വിളിക്കുന്നത്. ഓരോ ഏഴ് സെക്കന്‍ഡിലും ഓരോ അല്‍ഷിമേഴ്സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ ദേശീയ ശരാശരി 62 വയസ്സാണെങ്കില്‍ കേരളത്തിന്റേത് 72-74 വയസ്സാണ്. കേരള ജനസംഖ്യയില്‍ 2011-ല്‍ വൃദ്ധരുടെ എണ്ണം 12 ശതമാനം ആയതായാണ് കണക്ക്. അപ്പോള്‍ അല്‍ഷിമേഴ്സ് രോഗഭീഷണിയും വ്യാപകമാകുന്നു.അടുത്തിടെ നടത്തിയ ചില പഠനങ്ങളനുസരിച്ച്‌ കേരളത്തില്‍ 65 വയസ്സിന് മുകളിലുള്ളവരില്‍ മൂന്നുശതമാനത്തോളം മറവിരോഗത്താല്‍ വലയുന്നുണ്ട്. ഈ സംഖ്യ ഉയരാനാണ് സാധ്യത. കാരണം അല്‍ഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും പ്രായാധിക്യത്തിന്റെ സ്വാഭാവിക പരിണാമമായി കരുതുന്നവരാണ് ഏറെയും.

human..
human..

എന്താണ് അല്‍ഷിമേഴ്സ്

തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

അടിസ്ഥാനകാരണം

കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്. പ്രായമായവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 65 വയസ്സിനു മുകളിലുള്ളവരില്‍ 15 പേരില്‍ ഒരാള്‍ക്ക് അല്‍ഷിമേഴ്സ് ഉണ്ട്. ഓരോ പതിറ്റാണ്ട് കഴിയുമ്ബോഴും രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചുവരുന്നതായി കാണാം.

85 നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും അല്‍ഷിമേഴ്സ് വരാനുള്ള സാധ്യതയുണ്ട്. ചില കുടുംബങ്ങളില്‍ രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകള്‍ തലമുറകളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് അല്‍ഷിമേഴ്സ് ബാധിതര്‍ കൂടുതലുള്ളത്.

ലക്ഷണങ്ങള്‍

മിക്കപ്പോഴും രോഗം പതുക്കെയാണ് ആരംഭിക്കുക. യഥാര്‍ഥത്തില്‍ പലര്‍ക്കും അവര്‍ക്ക് അല്‍ഷിമേഴ്സ് ഉണ്ടെന്ന കാര്യം അറിഞ്ഞുകൊള്ളണമെന്നില്ല. അവര്‍ മറവിയെ വാര്‍ധക്യത്തിന്റെ ഭാഗമായി പഴിചാരുന്നു. എന്നാല്‍ നാളുകള്‍ ചെല്ലുന്തോറും ഓര്‍മശക്തി കുറഞ്ഞുവരുന്നു. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങളാണ് ആദ്യഘട്ടത്തില്‍ മറന്നുപോകുന്നത്.

വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓര്‍മിച്ചെടുക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ കണക്കുകള്‍ പോലും ചെയ്യുന്നതിന് പ്രയാസം നേരിടും. കാലക്രമേണ എല്ലാത്തരം ഓര്‍മകളും നശിച്ചുപോകും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകള്‍ എന്നിവ നഷ്ടമാകുന്നു. ഈ അവസ്ഥയില്‍ എങ്ങനെ പല്ലുതേക്കണമെന്നും മുടിചീകണമെന്നും മറന്നുപോകുന്നു.

കാലക്രമേണ രോഗി വൈകാരികാവസ്ഥയിലും പ്രകടമായ മാറ്റങ്ങള്‍ കാണിച്ചുതുടങ്ങുന്നു. ഇവര്‍ക്ക് ദിശാബോധം നഷ്ടപ്പെടുകയും നിസ്സാര കാര്യങ്ങള്‍പോലും ചെയ്യുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. രോഗം ഘട്ടംഘട്ടമായി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനോടൊപ്പം രോഗി ശയ്യാവലംബിയും പരിപൂര്‍ണ പരാശ്രയിയുമായി മാറുന്നു.

അല്‍ഷിമേഴ്സ് മൂര്‍ച്ഛിക്കുന്നതിനൊപ്പം പലവിധ പെരുമാറ്റപ്രശ്നങ്ങളും മാനസിക രോഗലക്ഷണങ്ങളും പ്രകടമാകുന്നു. പലതരത്തിലുള്ള മിഥ്യാധാരണകളും മിഥ്യാഭ്രമങ്ങളും ഇവര്‍ പ്രകടമാക്കുന്നു. ഇപ്പോള്‍ താമസിക്കുന്നത് സ്വന്തം വീട്ടിലല്ല, മറ്റേതോ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ് എന്നൊക്കെ ഇവര്‍ നിരന്തരം പരാതിപ്പെടും.

ഈ ധാരണയില്‍ പലപ്പോഴും വീടുവിട്ട് പുറത്ത് ഇറങ്ങിപ്പോകാന്‍ ശ്രമിക്കുന്നു. മറ്റൊന്ന്, തങ്ങളുടെ സാധനങ്ങളും വസ്തുവകകളും മറ്റാരോ മോഷ്ടിക്കുന്നു എന്ന ആരോപണമാണ്. സ്വന്തം കുടുംബാംഗങ്ങളെപ്പോലും തിരിച്ചറിയാന്‍ ചിലര്‍ക്ക് കഴിയില്ല.

അനുചിതമായ ലൈംഗികസ്വഭാവങ്ങള്‍ ഇവര്‍ കാണിക്കും. ചില രോഗികള്‍ സംശയാലുക്കളായിത്തീരുന്നു. ചിലരാകട്ടെ മറ്റുള്ളവര്‍ തങ്ങളെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന മിഥ്യാധാരണ പ്രകടിപ്പിക്കുന്നു.

Men
Men

ചികിത്സയും പുനരധിവാസവും

ഫലപ്രദമായ ഔഷധങ്ങളൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇന്ന് പ്രചാരത്തിലുള്ള ഔഷധങ്ങള്‍ രോഗാവസ്ഥ മൂര്‍ച്ഛിക്കാതിരിക്കുന്നതിനും ദിനചര്യകള്‍ നടത്തിക്കൊണ്ടുപോകാനുള്ള കഴിവ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അല്‍ഷിമേഴ്സ് രോഗികളുടെ നാഡീകോശങ്ങളില്‍ അസറ്റൈന്‍ കോളിന്‍ എന്ന രാസവസ്തുവിന്റെ കുറവ് ഉള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

ഈ രാസവസ്തുവിന്റെ വിഘടനം തടഞ്ഞ് തലച്ചോറില്‍ അതിന്റെ അളവ് വര്‍ധിപ്പിക്കുന്ന ഔഷധങ്ങളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഡോണപ്പസില്‍, റിവാസ്റ്റിഗ്മിന്‍, മെമാന്റിന്‍, ഗാലന്റമിന്‍ തുടങ്ങി വിദേശരാജ്യങ്ങളില്‍ ലഭ്യമായിട്ടുള്ള ഒട്ടുമിക്ക ഔഷധങ്ങളും ഇന്ന് ഇന്ത്യയില്‍ ലഭ്യമാണ്. ഇത്തരം മരുന്നുകള്‍ അസുഖത്തിന്റെ മുന്നോട്ടുള്ള ഗതിയെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അസുഖം നേരത്തേ കണ്ടുപിടിക്കാന്‍ ഇടയാകുന്നപക്ഷം ഈ മരുന്നുകള്‍ കൂടുതല്‍ പ്രയോജനം ചെയ്തേക്കും.

പരിചരണം

രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍, രോഗിയുടെ സവിശേഷതകള്‍ ഇവയൊക്കെ ഉള്‍ക്കൊണ്ട് ശരിയായ രീതിയിലുള്ള പരിചരണം ഉറപ്പുവരുത്തുക അതിപ്രധാനമാണ്. ഇതിന് വിദഗ്ധരുടെ സഹായം തേടാം. ഇതോടൊപ്പം തന്നെ അല്‍ഷിമേഴ്സ് രോഗബാധിതരും അവരുടെ ബന്ധുക്കളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനുവേണ്ടിയുള്ള സഹായങ്ങളും സാന്ത്വനങ്ങളും ആവശ്യമാണ്.

woman..
woman..

അല്‍ഷിമേഴ്സ് പ്രതിരോധിക്കാമോ ?

അല്‍ഷിമേഴ്സ് രോഗത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലാത്തതിനാല്‍ ഇത് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളൊന്നും നിലവിലില്ല. കൂടുതല്‍ ഗവേഷണങ്ങളുടെ ഫലമായി പുതിയ പ്രതിരോധ മാര്‍ഗങ്ങള്‍ ഉരുത്തിരിയുന്നതിനനുസരിച്ച്‌ അവ ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തുന്നത് ഈ രോഗം ഒഴിവാക്കുന്നതിന് ഒരു പരിധിവരെ സഹായിച്ചേക്കും. മാനസികവും ശാരീരികവുമായി പ്രവര്‍ത്തനനിരതരാകുക, ശരിയായ രക്തസമ്മര്‍ദം നിലനിര്‍ത്തുക, തലയിലെ പരിക്കുകള്‍ ഒഴിവാക്കുന്നതിന് സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമാണ്. കൂടാതെ ശരിയായ ഭക്ഷണക്രമം പാലിക്കുക, മദ്യപാനം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ അല്‍ഷിമേഴ്സ് കൂടാതെ ഡിമന്‍ഷ്യയ്ക്ക് ഇടയാക്കുന്ന മറ്റു രോഗങ്ങളും തടയാന്‍ കുറേയൊക്കെ സാധിക്കും.

ഇവരുണ്ട് കൂടെ

അല്‍ഷിമേഴ്സ് രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാന്ത്വനം നല്‍കുകയെന്ന ലക്ഷ്യത്തോടു കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അല്‍ഷിമേഴ്സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്സ് ഓഫ് ഇന്ത്യ. ഇവരുടേതായി രോഗിപരിചരണ കേന്ദ്രങ്ങള്‍ വിവിധ ജില്ലകളില്‍ നിലവിലുണ്ട്. വെബ്സൈറ്റ്: www.alzheimerindia.org രോഗീപരിചരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും രോഗീ പരിചരണത്തിനുള്ള വിദഗ്ധ നിര്‍ദേശങ്ങള്‍ക്കും വിവിധ വെബ്സൈറ്റുകള്‍ നിലവിലുണ്ട്. www.alz.org, www.alzforum.org, www.carigiver.org.

Related posts