51-)൦ മത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള പനോരമ സിനിമകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് സിനിമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഇടം നേടിയിട്ടുണ്ട്. 23 ഫീച്ചര്‍ ചിത്രങ്ങളും 20 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും അടങ്ങുന്നതാണ് ഇത്തവണത്തെ പനോരമ.
സെയ്ഫ് (പ്രദീപ് കാളിയപുറത്ത്), ട്രാന്‍സ് (അന്‍വര്‍ റഷീദ്), കെട്യോളാണ് എന്റെ മാലാഖ (നിസാം ബഷീര്‍), താഹിറ (സിദ്ദിഖ് പരവൂര്‍), കപ്പേള (മുഹമ്മദ് മുസ്തഫ) എന്നീ ചിത്രങ്ങളാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് മലയാളത്തില്‍ നിന്നും ഇടംപിടിച്ചിരിക്കുന്നത്. ഒരു പാതിരാസ്വപ്നം പോലെ (ശരണ്‍ വേണുഗോപാല്‍) ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ഇടംപിടിച്ച ചിത്രം.
സംവിധായകന്‍ ബ്ലെസി ഒരുക്കിയ ഇംഗ്ലീഷ് ചിത്രം 100 ഇയേഴ്‌സ് ഓഫ് ക്രിസ്റ്റോസം-എ ബയോഗ്രാഫിക്കല്‍ ഫിലിമും നോണ്‍ ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മാരന്‍ ചിത്രം അസുരന്‍, അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ചിച്ചോരെ തുടങ്ങിയവയും ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചിട്ടുണ്ട്.