നമ്മളെക്കാള്‍ മാര്‍ക്കറ്റുളള സുന്ദരന്മാരെ പ്രചാരണത്തിന് കൊണ്ടുനടക്കരുത്: ഇന്നസെന്റ്

BY AISWARYA

മലയാള സിനിമയില്‍ ഹാസ്യ പ്രധാനമായ എല്ലാ റോളുകളും ഇന്നസെന്റിനെക്കാളേറെ തന്മയത്തോടെ അവതരിപ്പിക്കാന്‍ മറ്റൊരാളില്ല. സിനിമയിലെ പോലെ രാഷ്ട്രീയത്തിലും സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് തെരെഞ്ഞെടുപ്പ് സമയത്ത് നേരിടേണ്ടി വന്ന അനുഭവം തുറന്ന് പറയുകയാണ് ഇന്നസെന്റ്.

ഗൃഹലക്ഷ്മിയില്‍ ഈ ലോകം അതിലൊരു ഇന്നസെന്റ് എന്ന പംക്തിയിലാണ് ഇക്കാര്യം പറയുന്നത്.സുരേഷ് ഗോപി തന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴുണ്ടായ രസകരമായ സംഭവമാണിത്.

ഒരു ദിവസം രാവിലെ ഇടവേള ബാബു എന്നെ വിളിച്ചു. ചേട്ടാ സുരേഷ് ഗോപി വരുന്നുണ്ട്‌ട്ടോ , ആരു വിളിച്ചു? ഞാന്‍ ചോദിച്ചു. ‘ അത് ഞാന്‍ വിളിച്ചതാ’ ഇടവേള ബാബു പറഞ്ഞു.

അന്ന് സുരേഷ് ഗോപി ബി.ജെ.പി ആയിട്ടില്ല. അതുവരെ ഞാന്‍ എവിടെ ചെല്ലുമ്പോഴും എന്നെ കാണാനും എന്റെ കൈയിലൊന്നു പിടിക്കാനുമൊക്കെയുള്ള ആള്‍ക്കാരുടെ ആരവം പതിവായിരുന്നു. പക്ഷേ അന്ന് അങ്കമാലിയിലെ ജനങ്ങള്‍ക്ക് എന്നോട് വലിയ താത്പര്യമില്ലായിരുന്നു.

എല്ലാവരും ‘സുരേഷേട്ടാ സുരേഷേട്ടാ’ എന്ന് പറഞ്ഞ് സുരേഷ് ഗോപിയെ തൊടാനും കാണാനുമാണ് ആവേശം കാണിക്കുന്നത്. റോഡ് ഷോയുമായി അന്ന് രാവിലെ പോയ രണ്ട് സ്ഥലങ്ങളിലും സമാനമായ അനുഭവം. ആര്‍ക്കും എന്നെ വേണ്ട, സുരേഷ് ഗോപിയെ മതി. അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത്, നമ്മളേക്കാള്‍ മാര്‍ക്കറ്റുള്ള സുന്ദരനായിട്ടുള്ള ആള്‍ക്കാരെ നമ്മള്‍ പ്രചാരണത്തിന് കൊണ്ടുനടക്കരുത്. ഇന്നസെന്റ് പറഞ്ഞു.

Related posts