ഇന്ദ്രൻസ് എല്ലാ മലയാളികളുടെയും പ്രിയനടനാണ്. ഇന്ദ്രന്‍സ് തന്നെ പല അഭിമുഖങ്ങളിലും രാജസേനന്റെ സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎബിഎഡ് എന്ന ചിത്രത്തിന് ശേഷം തന്റെ കത്രികയ്ക്ക് വിശ്രമം ആയിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. കോസ്റ്റ്യൂം രംഗത്ത് നിന്ന് ഇന്ദ്രന്‍സ് എന്ന നടന്‍ മലയാള സിനിമയുടെ ഒരു പ്രധാന അഭിനേതാവായി മാറിയത് ആ സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ്. ഇപ്പോൾ അദ്ദേഹം അഭിനയത്തില്‍ തിരക്കേറിയിട്ടും സ്ഫടികം എന്ന സിനിമയുടെ കോസ്റ്റ്യൂം ഏറ്റെടുത്തതിനെക്കുറിച്ച് തുറന്നു പറയുകയാണ്.
സ്ഫടികം എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഉണ്ടെന്നു അറിഞ്ഞത് കൊണ്ടാണ് ആ സിനിമയുടെ കോസ്റ്റ്യൂം ചെയ്യാന്‍ തീരുമാനിച്ചത്. വലിയൊരു പുലിമട ആയിരുന്നല്ലോ അതിന്റെ സെറ്റ്. ഭദ്രന്‍ സാറും, തിലകന്‍ സാറും ലാല്‍ സാറുമൊക്കെ. കേള്‍ക്കുമ്പോള്‍ തന്നെ ഒരു വിറയല്‍ വരും. ഗാന്ധിമതി ബാലന്‍ സാര്‍ എന്നോട് പറഞ്ഞത് ആ സിനിമയുടെ കോസ്റ്റ്യൂം ഏറ്റെടുത്താല്‍ നിനക്കൊരു വേഷം ചെയ്യാന്‍ അവസരം കിട്ടുമെന്നാണ്. അങ്ങനെയാണ് അതിലേക്ക് പോകുന്നത്. ലാല്‍ സാറിനൊപ്പം അഭിനയിക്കുക എന്ന് പറയുന്നത് പേടിയുള്ള കാര്യമായിരുന്നു. നമ്മളിങ്ങനെ ചെറിയ കോമഡി റോള്‍ ഒക്കെ കളിച്ചു നടക്കുമ്പോഴായിരുന്നു അത്രയും വലിയ ഒരു സിനിമയില്‍ അവസരം കിട്ടുന്നത്. അത് എന്തായാലും മാക്സിമം വിനിയോഗിച്ചു എന്നും ഇന്ദ്രൻസ് പറഞ്ഞു.