ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാർ ആക്ഷൻ രംഗങ്ങൾ ചെയ്യിച്ചത്! ഇന്ദ്രൻസിന്റെ വാക്കുകൾ വൈറലാകുന്നു!

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ്. ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച താരമാണ് ഇന്ദ്രൻസ്. ഉടൽ എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്ത് വന്ന ചിത്രം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഉടലിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് രതീഷ് രഘുനന്ദൻ ആണ്. ഇന്ദ്രൻസിന് പുറമെ ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ വിസി പ്രവീണും ബൈജു ഗോപാലനുമാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യും.

ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ, ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സാർ നിർമ്മിച്ച ഉടൽ സിനിമയുടെ പ്രീമിയർ ഷോയ്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങൾക്ക് നന്ദി. വ്യത്യസ്തമായ പ്രമേയങ്ങളെ നമ്മുടെ പ്രേക്ഷകർ എന്നും ഹൃദയപൂർവ്വം സ്വീകരിച്ചിട്ടുണ്ട്. സംവിധായകൻ രതീഷ് രഘുനന്ദൻ ഈ കഥ എന്നോട് പറയുമ്ബോൾത്തന്നെ എന്റെ കഥാപാത്രത്തിന്റെ സാധ്യതയും വെല്ലുവിളിയും മനസിലായിരുന്നു. പറഞ്ഞതിനേക്കാൾ മനോഹരമായി രതീഷ് അത് ചിത്രീകരിച്ചിട്ടുണ്ട്. ഉടൽ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്. നമ്മുടെ സിനിമയിൽ അത്ര പരിചിതമല്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്.

ഷൂട്ടിംഗിനിടയിൽ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടൽ. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാർ ആക്ഷൻ രംഗങ്ങൾ ചെയ്യിച്ചത്. അതത്രയും സ്‌ക്രീനിൽ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. മെയ് 20 വെള്ളിയാഴ്ച്ച ചിത്രം തീയേറ്ററുകളിൽ എത്തുകയാണ്. നല്ല സിനിമകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങൾ എല്ലാവരുടേയും സഹകരണം ഉടലിനും ഉണ്ടാകണമെന്ന് മാത്രം അഭ്യർത്ഥിക്കുന്നു.

Related posts