ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പരയിൽ കളിച്ചിരുന്നെങ്കിലും ഇതിൽനിന്നും താരത്തെ ഒഴിവാക്കി. പകരം ടി20 ടീമിൽ എത്തിയത് ടെസ്റ്റ് ടീമിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന റിഷഭ് പന്ത് ആണ്.കോലിക്ക് പകരം രോഹിത് ടി20 പരമ്പരയെ നയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് വിരാട് കോലി തന്നെയാണ്. ആദ്യമായി കഴിഞ്ഞ ഐപിഎല്ലിൽ തിളങ്ങിയ സൂര്യകുമാർ യാദവ് ടി20 ടീമിലെത്തി.
വിജയ് ഹസാരെ ട്രോഫിയിലും കഴിഞ്ഞ ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷൻ എന്ന യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും ഇന്ത്യയുടെ ടി20 ടീമിൽ കളിക്കാൻ അവസരം നേടി. ടീമിലെ മറ്റൊരു പുതുമുഖം കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മിന്നൽ പ്രകടനം കാഴ്ചവെച്ച രാഹുൽ തിവാട്ടിയ ആണ്.ഭുവനേശ്വർ കുമാർ നീണ്ട ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തിയപ്പോൾ ടി നടരാജനെ ടീമിൽ നിലനിർത്തി. പിന്നീട് ടി20 ടീമിൽ ഓസീസിന് എതിരായ ടി20 പരമ്പരയിൽ ആദ്യം ഇടം നേടുകയും പിന്നീട് പരിക്കുമൂലം ഒഴിവാകുകയും ചെയ്ത വരുൺ ചക്രവർത്തിയും ഉണ്ട്. ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലുള്ളത് 5 മത്സരങ്ങളാണ്. മത്സരങ്ങളുടെ വേദി അഹമ്മദാബാദ് ആണ്.