1996 ല്‍ കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇന്ത്യൻ. വ്യത്യസ്തമായ വേഷപ്പകർച്ചയും കഥയും കൊണ്ട് പ്രേക്ഷകരെ കിടിലം കൊള്ളിച്ച ചിത്രമായിരുന്നു ഇന്ത്യൻ.കമൽ ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ എത്തിയത്. മനീഷ കൊയ്‌രാളയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വളരെ അധികം പ്രതീക്ഷയോടെ പ്രഖ്യാപിച്ച ചിത്രമാണ് ഇന്ത്യന്‍ 2. ചിത്രത്തിന്റെ രണ്ടാം ഭാഗം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം വരുന്നു എന്ന വാര്‍ത്ത ആരാധകരെയും ഹരം കൊള്ളിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപിച്ച് ഇത്രനാള്‍ ആയിട്ടും സിനിമ എങ്ങുമെത്തിയിട്ടില്ല. അതിനിടയില്‍ സംവിധായകനും നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും തമ്മിലുള്ള വഴക്ക് കോടതി കയറിയിരിയ്ക്കുകയാണ്.
പാതി ചിത്രീകരിച്ച ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിയ്ക്കുന്നത് ശങ്കര്‍ മനപൂര്‍വ്വം വൈകിപ്പിയ്ക്കുന്നതാണെന്നാണ് ലൈക്ക പ്രൊഡക്ഷന്‍സിന്റെ ആരോപണം. ഇന്ത്യന്‍ ടു പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ ശങ്കര്‍ മറ്റൊരു ചിത്രവും സംവിധാനം ചെയ്യാന്‍ പാടില്ല, അദ്ദേഹത്തെ ബാന്‍ ചെയ്യണം എന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിയ്ക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കോടതിയ്ക്ക് ഒന്നും ചെയ്യാന്‍ സാധിയ്ക്കില്ല, സംവിധായകനും നിര്‍മാതാവും പരസ്പരം ഇരുന്ന് സംസാരിച്ച് പ്രശ്‌ന പരിഹാരം കാണുക മാത്രമേ രക്ഷയുള്ളൂ എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ സിനിമ വൈകുന്നതിന് കാരണം ഞാന്‍ അല്ല എന്നാണ് ശങ്കര്‍ ഇപ്പോള്‍ കോടതിയെ അറിയിച്ചിരിയ്ക്കുന്നത്.
അന്തരിച്ച നടന്‍ വിവേക് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഈ അവസരത്തില്‍ വിവേക് അഭിനയിച്ച രംഗങ്ങള്‍ എല്ലാം മറ്റൊരു നടനെ വച്ച് റീ ഷൂട്ട് ചെയ്യേണ്ടതുണ്ട് എന്ന് നേരത്തെ ശങ്കര്‍ അറിയിച്ചിരുന്നു. അത് മാത്രമല്ല, കമല്‍ ഹസനും ചിത്രത്തിന്റെ ഷൂട്ടിങ് വൈകാന്‍ കാരണമാണെന്ന് ശങ്കര്‍ പറയുന്നു. ക്രെയിന്‍ അപകടത്തിന് ശേഷം കമല്‍ ഹസന് മേക്കപ്പ് അലര്‍ജ്ജിയാണ്. ഷൂട്ടിങ് വൈകാന്‍ അതും ഒരു കാരണമാണ്. കൊറോണ വൈറസിനെ തുടര്‍ന്നുള്ള കര്‍ഫ്യുയില്‍ ഷൂട്ടിങ് മുടങ്ങുന്നതില്‍ നിര്‍മാതാവിന് ഉണ്ടാവുന്ന നഷ്ടത്തിന് ഞാന്‍ ഉത്തരവാദി അല്ല എന്ന് ശങ്കര്‍ കോടതിയെ അറിയിച്ചു. കേസിന്റെ അടുത്ത ഹിയറിങ് ജൂണ്‍ നാലിനേക്ക് മാറ്റി.