ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്, ഇന്ത്യൻനിരയിലേക്ക് പന്തും രാഹുലും ജഡേജയും വരുന്നു

Ind-Aus

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ നിരാശാജനകമായ തോല്‍വിയില്‍നിന്ന് കരകയറാന്‍ ടീം ഇന്ത്യ അടിമുടി മാറ്റം വരുത്തുന്നു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവധി ആവശ്യപ്പെട്ടിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹിലി ഇന്ത്യയിലേക്ക് തിരിച്ചു. ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് ഇനി ഈ പരമ്പരയിൽ  കളിക്കാനാകില്ല.വിരാട് കോഹ്‌ലി ഇല്ലാത്ത ക്ഷീണം കൂട്ടായ്മയിലൂടെ മറികടക്കനാണ് ഇന്ത്യയുടെ ശ്രമം. രണ്ടാം ടെസ്റ്റില്‍ അഞ്ചു മാറ്റങ്ങള്‍ക്കാണ് ഇന്ത്യന്‍ ടീമില്‍ സാധ്യത.

Virat-Kohli-India-test
Virat-Kohli-India-test

ആദ്യ ടെസ്റ്റില്‍ പരാജയമായിരുന്ന ഓപ്പണര്‍ പൃഥ്വി ഷാ, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ഹനുമ വിഹാരി എന്നിവര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പകരം കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്/നവ്ദീപ് സെയ്‌നി എന്നിവരായിരിക്കും എത്തുക. ക്യാപ്റ്റന്‍ സ്ഥാനം അജിന്‍ക്യ രഹാനെ ഏറ്റെടുക്കും. ഓപ്പണര്‍ രോഹിത് ശര്‍മ ഓസ്ട്രേലിയയില്‍ എത്തിയെങ്കിലും ഇപ്പോള്‍ ക്വാറന്റൈനിലാണ്. ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത് കളിക്കുമെന്നാണ് പ്രതീക്ഷ.

pjimage-jpg
pjimage-jpg

നേരത്തേ ടെസ്റ്റ് ഓപ്പണറായിരുന്ന കെ.എല്‍. രാഹുലിനെ തന്നെ ഓപ്പണറാക്കണമെന്ന അഭിപ്രായം ശക്തമാണ്. ഒപ്പം മായങ്ക് അഗര്‍വാളും ചേരുമ്ബോള്‍ രണ്ട് കര്‍ണാടക ബാറ്റ്‌സ്മാന്മാരുടെ ചേരുവയാകും ഓപ്പണിങ്ങില്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള രാഹുല്‍ ഇക്കഴിഞ്ഞ ഐ.പി.എലില്‍ ടോപ് സ്‌കോറര്‍ ആയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ട്വന്റി 20 മത്സരങ്ങളിലും രാഹുലിന്റെ പ്രകടനം മോശമായില്ല.

Aus-Ind
Aus-Ind

രാഹുല്‍ ഓപ്പണിങ്ങിലെത്തുമ്പോൾ  യുവതാരം ശുഭ്മാന്‍ ഗില്‍ വിരാട് കോലിയുടെ നാലാംസ്ഥാനത്തേക്ക് വരുമെന്നാണ് കണക്കുകൂട്ടല്‍. എങ്കിലും ആ സ്ഥാനം രഹാനെയ്ക്ക് നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.വിക്കറ്റ് കീപ്പറായി, വൃദ്ധിമാന്‍ സാഹയ്ക്കുപകരം ഋഷഭ് പന്ത് എത്തുന്നതോടെ ടീമിന്റെ ആത്മവിശ്വാസം ഉയരും. പന്തിന്റെ വരവോടെ മധ്യനിരയില്‍ ആക്രമിച്ചുകളിക്കുന്ന ഒരാളുകൂടിയാവും. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ സിഡ്‌നി ടെസ്റ്റില്‍ ഋഷഭ് സെഞ്ചുറി (159*) നേടിയിരുന്നു.സന്നാഹ മത്സരത്തിലും പന്ത് സെഞ്ച്വറി അടിച്ചിരുന്നു.

Indian Team
Indian Team

ട്വന്റി ട്വന്റി മത്സരത്തിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജ തിരിച്ചെത്തുന്നത് ടീമിനുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. നിലവില്‍ ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും ഫോം തുടരുന്ന ജഡേജ മദ്ധ്യനിരയില്‍ ടീമിനു മുതല്‍ക്കൂട്ടാവും. ഹനുമ വിഹാരിക്ക് പകരമാവും രവീന്ദ്ര ജഡേജ എത്തുക. കുറച്ചുകാലമായി എല്ലാ ഫോര്‍മാറ്റിലും വിശ്വസ്തനായ ഓള്‍റൗണ്ടറാണ് ജഡേജ. ജഡേജ വരുന്നതോടെ സ്പിന്‍ വിഭാഗത്തില്‍ അശ്വിന് കൂട്ടാകും. ഇതോടെ, മൂന്ന് പേസര്‍മാര്‍ അടക്കം അഞ്ച് ബൗളര്‍മാരാകും. മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജോ നവ്ദീപ് സെയ്‌നിയോ എത്തും. സെയ്‌നിയേക്കാള്‍ സാധ്യതയുണ്ട് സിറാജിന്.

Related posts