ഓരോ വര്‍ഷവും ഓരോ ഡിസൈനിൽ ഒരുക്കുന്ന ഐസ് ഹോട്ടല്‍ വീണ്ടും സഞ്ചാരികൾക്കായി തുറന്നു

ലോകത്തിലെ ആദ്യത്തെ ഐസ് ഹോട്ടലായ ഐസ്ഹോട്ടല്‍ 31 സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. ആര്‍ട്ടിക് വൃത്തത്തിന് 200 കിലോമീറ്റര്‍ വടക്കായി ജുക്കാസ് ജാര്‍വി എന്ന സ്ഥലത്താണ് ഈ കിടിലന്‍ മഞ്ഞുഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. 24 കലാകാരന്മാരുടെ സൃഷ്ടികൾ സംയോജിപ്പിച്ച്, 1,300 കട്ട ഐസ് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്.  സ്വീഡനില്‍ നിന്നുള്ള ഡിസൈനര്‍മാരാണ് മുറികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ടോണ്‍ നദിയില്‍ നിന്നുള്ള ഐസാണ് ഹോട്ടലിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞുകാലം കഴിയുന്നതോടെ ഇത് വീണ്ടും ഉരുകി നദിയിലേക്കു തന്നെ ചേരുകയും ചെയ്യും.




എല്ലാ വര്‍ഷവും ശൈത്യകാലമാകുമ്പോള്‍ ഇത്തരത്തില്‍  ഐസ്ഹോട്ടല്‍ ഇവിടെ ഉയര്‍ന്നു പൊങ്ങാറുണ്ട്. ഓരോ പ്രാവശ്യം ഉണ്ടാക്കുമ്പോഴും മുറികളുടെ ആകൃതിയും ഘടനയുമെല്ലാം വ്യത്യാസപ്പെട്ടിരിക്കും എന്നതാണ് ഒരു പ്രത്യേകത. ഒരു ഫ്രോസന്‍ ഫോറസ്റ്റ് സെറിമണി ഹാള്‍, ക്ലാസിക്കല്‍ മ്യൂസിക് ഉള്ള ഒരു കമ്പോസര്‍ സ്വീറ്റ്, ടൈപ്പോഗ്രാഫി റൂം, ഐസ് കൊണ്ട് മൂടിയ ഹോട്ട് ഡോഗ് സ്റ്റാന്‍ഡും ഒരു പഴക്കച്ചവടക്കാരന്‍റെ പ്രതിമയും ഉള്ള ഒരു സ്ട്രോബെറി സ്വീറ്റ് എന്നിവയെല്ലാമാണ് ഇക്കുറി ഹോട്ടലിനുള്ളില്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ, അതിഥികള്‍ക്കായി പന്ത്രണ്ടോളം മുറികള്‍ ഇക്കുറി റെഡിയാണ്. താമസം കൂടാതെ, മഞ്ഞുകാല പരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കുമെല്ലാം ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.



മാസങ്ങളോളം എടുത്താണ് ഈ ഹോട്ടല്‍ നിര്‍മിച്ചെടുത്തത്. ഐസ് ശേഖരിച്ച് കൊണ്ടുവരുന്നവരും ബില്‍ഡര്‍മാരും ആര്‍ട്ട് സപ്പോര്‍ട്ട് സ്റ്റാഫും ലൈറ്റിംഗ് ക്രൂവുമെല്ലാമായി നിരവധി ആളുകളുടെ അധ്വാനം ഇതിനു പിന്നിലുണ്ട്. 2020 വസന്തകാലത്തായിരുന്നു ഇതിന്‍റെ പണി തുടങ്ങിയത്. ഇതിനായി നദിയില്‍ നിന്നും ആയിരക്കണക്കിനു കിലോ ഐസ്, പ്രത്യേക മെഷീന്‍ ഉപയോഗിച്ച് ചതുരക്കട്ടകളാക്കി മുറിച്ചെടുത്താണ് ഇവിടേക്ക് കൊണ്ടുവന്നത്.എല്ലാ ദിവസവും കൃത്യമായി അറ്റകുറ്റപ്പണികള്‍ ചെയ്താണ് ഈ ഹോട്ടല്‍ പരിപാലിക്കുന്നത്. അതുകൊണ്ടുതന്നെ, എവിടെയെങ്കിലും ഉരുകിപ്പോയിട്ടുണ്ടെങ്കില്‍ അത് വീണ്ടും പഴയപടിയാക്കും.

Related posts