അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായി ഇന്തോ-അമേരിക്കന്‍ വംശജ കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തത് ഇക്കഴിഞ്ഞ ആഴ്ചയാണ്. ചരിത്രം കുറിച്ച ആ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധി ആളുകളാണ് എത്തിയത്. കമലയെ പിന്തുണച്ചും ആശംസകള്‍ അറിയിച്ചും ചടങ്ങില്‍ എത്തിയവരില്‍ ശ്രദ്ധ നേടിയ ഒരു മുഖമുണ്ട്. കെര്‍സ്റ്റിന്‍ എംഹോഫ് എന്ന വനിതയായിരുന്നു അത്. ഹാരിസിന്‍റെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫിന്‍റെ ആദ്യ ഭാര്യയും അദ്ദേഹത്തിന്‍റെ രണ്ടു കുട്ടികളുടെ അമ്മയുമാണ് കെര്‍സ്റ്റിന്‍. തന്‍റെ കുടുംബം ഉള്‍പ്പെട്ട ഒരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് അഭിമാനത്തോടെ നിന്ന കെര്‍സ്റ്റിന്‍റെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു.
പ്രെറ്റിബേര്‍ഡ് എന്ന പ്രൊഡക്ഷന്‍ കമ്പനി സിഇഒ ആണ് കെര്‍സ്റ്റിന്‍. 1992 ലാണ് ഇവര്‍ ഡഗ്ലസിനെ വിവാഹം ചെയ്തത്. 2008 ല്‍ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു. എങ്കിലും രണ്ട് മക്കള്‍ ഉള്‍പ്പെട്ട കുടുംബത്തിലെ കരുത്തായി കെര്‍സ്റ്റിന്‍ എപ്പോഴും ഉണ്ടായിരുന്നു. 2014 ലാണ് ഡഗ്ലസ് കമലയെ വിവാഹം ചെയ്തത്. കെര്‍സ്റ്റിന്‍-ഡഗ്ലസ് ദമ്ബതികളുടെ മക്കളായ എല്ലയ്ക്കും കോളിനും രണ്ടാമത്തെ അമ്മയായി കമലയും അവരുടെ ജീവിതത്തിലേക്കെത്തി. ഡഗ്ലസിന്‍റെ മക്കളും മുന്‍ ഭാര്യയുമായി വളരെ അടുത്ത ബന്ധം തന്നെയാണ് കമല സൂക്ഷിക്കുന്നതും. ഡഗ്ലസിന്‍റെ മക്കള്‍ തങ്ങളുടെ രണ്ടാനമ്മയെ വളരെ സ്നേഹത്തോടെ ‘മോംഅല’ (Momala) എന്നാണ് വിളിക്കുന്നത് തന്നെ.
കെര്‍സ്റ്റിനുമായുള്ള തന്‍റെ അടുപ്പത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും പല അഭിമുഖങ്ങളിലും കമല തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ‘കോളിനെയും എല്ലയെയും കുറിച്ച് അറിയാന്‍ അവരുടെ അമ്മ കെര്‍സ്റ്റിന്‍ എത്ര മഹത്തായ ഒരു അമ്മയാണെന്ന് അറിയണമായിരുന്നു. ഞങ്ങള്‍ വളരെ വേഗത്തില്‍ തന്നെ അടുത്തു വളരെ പ്രിയപ്പെട്ട സുഹൃത്തുക്കളുമായി. മക്കളുടെ പരിപാടികളില്‍ ഞങ്ങളൊരുമിച്ച പ്രോത്സാഹിപ്പിക്കാനെത്തി.. കുട്ടികള്‍ക്ക് ഇത് പലപ്പോഴും ചെറിയ ചമ്മലുണ്ടാക്കിയിരുന്നു’. 2019 ല്‍ ഒരു മാഗസീന്‍ അഭിമുഖത്തില്‍ പറഞ്ഞു.
കമല പറഞ്ഞത് പോലെ തന്നെ അവരുടെ അടുപ്പത്തിന്‍റെ ആഴം വ്യക്തമാക്കിയാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ കെര്‍സ്റ്റിന്‍ എത്തിയത്. കുട്ടികളുമൊത്ത് ചടങ്ങില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചടങ്ങില്‍ കെര്‍സ്റ്റിന്‍റെ സാന്നിധ്യം ശ്രദ്ധിച്ച സോഷ്യല്‍ മീഡിയ അവരെ പ്രശംസ കൊണ്ടു മൂടുകയാണ്. ഭര്‍ത്താവിന്‍റെ രണ്ടാം ഭാര്യയുമായി അവര്‍ സൂക്ഷിക്കുന്ന അതി മനോഹര ബന്ധത്തെയാണ് പലരും അഭിനന്ദിക്കുന്നത്.