നിങ്ങള്‍ അത്താഴം കഴിക്കുന്നത് ഉറങ്ങുന്നതിന് രണ്ട് മൂന്ന് മണിക്കൂര്‍ മുൻപാണോ ? എങ്കിൽ നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുന്നു. ഭക്ഷണത്തിന് ശരിയായ ദഹനത്തിനായി സമയം ലഭിക്കുന്നു, രാത്രിയില്‍ ആസിഡ് റിഫ്‌ലക്‌സ് ഉണ്ടാകില്ല. അത്താഴത്തിനും പ്രഭാതഭക്ഷണത്തിനും ഇടയില്‍ 11 മുതല്‍ 12 മണിക്കൂര്‍ വരെ ഇടവേള ഉണ്ടായിരിക്കണം. ഇത് നിങ്ങളുടെ ദഹനത്തെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.
അതേസമയം രാത്രി പതിവായി വൈകി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ കലോറി കൊഴുപ്പായി സൂക്ഷിക്കാന്‍ ഇടവരുത്തുകയും, ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദഹനക്കേട്, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. രാത്രി കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബെങ്കിലും അത്താഴം കഴിക്കുന്നവര്‍ക്ക് കാന്‍സര്‍ സാധ്യത കുറവായിരിക്കും. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത അതിലൂടെ 26% കുറയുകയും, സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത 16% കുറയുകയും ചെയ്യുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നേരത്തെ അത്താഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല രാത്രി വൈകി അത്താഴം കഴിക്കുന്നവര്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള പ്രവണതയും കാണിക്കുന്നു. നിങ്ങള്‍ വൈകി ഭക്ഷണം കഴിക്കുമ്ബോള്‍, കലോറികള്‍ എരിച്ചു കളയുവാന്‍ സാധിക്കുകയില്ല, അവ ഫാറ്റി ആസിഡായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വരെ വര്‍ദ്ധിപ്പിക്കുന്നു.
വിരസത, സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ എന്നിവ കാരണം നമ്മള്‍ കഴിക്കുന്ന ഉയര്‍ന്ന കലോറി ഭക്ഷണങ്ങളായ ചോക്ലേറ്റ്, ഐസ്‌ക്രീം, ചിപ്‌സ് എന്നിവ അത്താഴത്തിന് ശേഷം ലഘുഭക്ഷണമായി പലരും കഴിക്കാറുണ്ട്. വിശപ്പ് തോന്നാതെയും നമ്മള്‍ രാത്രി ഇത്തരം ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നു. അതിനാല്‍ നമ്മള്‍ കഴിക്കുന്ന കലോറികള്‍ ഫാറ്റി ആസിഡായി മാറുന്നു. ഇത് ശരീരത്തിന് ഒട്ടും ഗുണകരമല്ല എന്ന കാര്യം ഓര്‍ക്കുക. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നത് ദഹനക്കേട്, ആസിഡ് റിഫ്‌ലക്‌സ്, നെഞ്ചെരിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നിങ്ങളെ നയിച്ചേക്കും.