മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകൻ. ആദ്യകാലത്ത് കോമഡി വേഷങ്ങൾ ചെയ്ത തുടങ്ങിയ താരം ഇന്ന് ഏത് വേഷവും ഭദ്രമാണ് എന്ന് തെളിയിക്കുകയാണ്. അടുത്ത് ഇറങ്ങിയ മിന്നൽ മുരളിയിൽ താരം അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അച്ഛന് പിന്നാലെ മകന്‍ അര്‍ജുനും സിനിമയില്‍ സജീവമാണ്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മകന്റെ സിനിമ ജീവിതത്തെ കുറിച്ചും സിിനമയിലെ മാറ്റങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഹരിശ്രീ അശോകന്‍. മകന്‍ സിനിമയിലേയ്ക്ക് വരുമെന്ന് തങ്ങള്‍ക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നുവെന്നാണ് താരം പറയുന്നത്.
ഹരിശ്രീ അശോകന്റെ വാക്കുകള്‍ ഇങ്ങനെ…മകന്‍ സിനിമയില്‍ വരുമെന്ന് ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഡിഗ്രി കഴിഞ്ഞ് അവനെ ഇംഗ്ലണ്ടില്‍ പഠിക്കാന്‍ വിടാന്‍ ആയിരുന്നു എന്റെ പ്ലാന്‍. പോകാന്‍ റെഡിയായി ഒരു മാസം ബാക്കിയുള്ളപ്പോള്‍ അവന്‍ അമ്മയോടു പറഞ്ഞു: അമ്മേ എനിക്ക് പോകാന്‍ മനസ്സുവരുന്നില്ല. നിങ്ങളെ രണ്ടുപേരെയും പിരിഞ്ഞുപോകാന്‍ എനിക്ക് പറ്റില്ല. അതുകേട്ടപ്പോള്‍ പിന്നെ ഞങ്ങള്‍ക്കും വിഷമമായി. ഇംഗ്ലണ്ടില്‍ വിട്ടു പഠിപ്പിക്കാന്‍ കരുതിയ പണം എനിക്ക് തന്നാല്‍ ഞാന്‍ ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്യാം. അവന്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയാകട്ടെയെന്നു ഞങ്ങള്‍ കരുതി. അവനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു കാര്‍ സര്‍വീസ് സെന്ററും പൊറോട്ട, ചപ്പാത്തി ഉണ്ടാക്കുന്ന കമ്പനിയും തുടങ്ങി. അതൊക്കെ നല്ല രീതിയില്‍ പോകുന്നുണ്ട്. അവന്‍ എടുത്തത് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. സൗബിനാണ് പറവ എന്ന ചിത്രത്തിലേയ്ക്ക് അവനെ ആദ്യമായി വിളിക്കുന്നത്. എട്ടു മാസത്തോളം അവരോടൊപ്പമായിരുന്നു. സിനിമ എങ്ങനെ തുടങ്ങണമെന്ന് അവനൊരു ഐഡിയ കിട്ടിയത് സൗബിന്റെ ഗ്യാങ്ങില്‍ നിന്നാണ്. ആസിഫ് അലി, സൗബിന്‍, ഗണപതി അങ്ങനെ അവരുടെ ഒരു നല്ല ടീം ഉണ്ട്. അവന്റെ മനസ്സ് മുഴുവന്‍ സിനിമയാണ് ഇപ്പോള്‍. ഒരുപാട് അന്യഭാഷാ ചിത്രങ്ങള്‍ അവന്‍ കാണാറുണ്ട്. അന്യഭാഷാ ചിത്രങ്ങളില്‍നിന്ന് ഒരുപാട് പഠിക്കാനും റഫറന്‍സ് എടുക്കാനും ഉണ്ടെന്ന് അവന്‍ പറയും. കൂടാതെ മമ്മൂക്കയുടെയും ലാലേട്ടന്റെയും തുടങ്ങി പലരുടെയും സിനിമകള്‍ എടുത്തുകണ്ട് അവന്‍ പഠിക്കാറുണ്ടെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.
സിനിമയില്‍ എത്തിയപ്പോള്‍ മകനോട് പറഞ്ഞ കാര്യത്തെ കുറിച്ചും ഹരിശ്രീ അശോകന്‍ അഭിമുഖത്തില്‍ പറയുന്നണ്ട്. അവനോട് ഞാന്‍ പറഞ്ഞത് ഇതാണ് നിനക്ക് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഏറ്റെടുക്കാന്‍ പാടുള്ളൂ. നീ ഏറ്റെടുത്ത സിനിമകള്‍ ഉറപ്പായും തീര്‍ത്തു കൊടുക്കുക എന്നുള്ളത് നിന്റെ കടമയാണ്. അവന്‍ അത് എപ്പോഴും അനുസരിക്കുന്നുണ്ട്. ചെറുപ്പത്തിലൊക്കെ എന്റെയൊപ്പം ചില സെറ്റുകളില്‍ അവന്‍ വന്നിട്ടുണ്ട്. പി. സുകുമാര്‍ ആണ് ആദ്യമായി മൂവി ക്യാമറയിലൂടെ നോക്കാന്‍ അവന് അവസരം കൊടുക്കുന്നത്. ആ ഫോട്ടോ ഇപ്പോഴും അവന്‍ എടുത്തു സൂക്ഷിച്ചിട്ടുണ്ട്. മകനെ കുറിച്ച് എല്ലാവരും നല്ലത് പറയുന്നത് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷമാണ്. ജാന്‍.എ.മന്‍, അജഗജാന്തരം, മധുരം തുടങ്ങിയ ചിത്രങ്ങള്‍ കണ്ടിട്ട്, അര്‍ജുന്‍ ഗംഭീരമായി ചെയ്തിട്ടുണ്ട് എന്ന് പലരും വിളിച്ചു പറഞ്ഞു. അതു കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. . ഒരു ദിവസം ആല്‍വിന്‍ ആന്റണി എന്നെ വിളിച്ചിട്ട് പറഞ്ഞു: അര്‍ജുന്റെ പടങ്ങള്‍ കണ്ടു. അവന്‍ നന്നായി അഭിനയിക്കുന്നുണ്ട്. അവന്റെ ഡേറ്റ് നീ എനിക്ക് മേടിച്ചു തരണം എന്ന്. ഞാന്‍ ആല്‍വിനോട് പറഞ്ഞു ഇതെന്താ ഇങ്ങനെ പറയുന്നത്. നിനക്ക് അവനോട് നേരിട്ട് ചോദിക്കാന്‍ ഉള്ള ഫ്രീഡം ഉണ്ടല്ലോ. നിങ്ങള്‍ ചേട്ടാനിയന്മാരെ പോലെയല്ലേ. അവന്റെ പടങ്ങള്‍ ഞാനും കാണാറുണ്ട് അവന്‍ വളരെ നന്നായി ചെയ്യുന്നുണ്ട്. ഓരോ പടം കഴിയും തോറും കൂടുതല്‍ മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്.