ഞാൻ ഇനിയും പാടും : കൈതപ്രത്തിന് മറുപടിയുമായി ഹരീഷ്

ഹരീഷ് ശിവരാമകൃഷ്ണന്‍ എന്ന യുവഗായകൻ ഇപ്പോൾ പുതിയ പാട്ടുമായി രംഗത്തെത്തിയിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വിമര്‍ശത്തിന് പിന്നാലെയാണ്. കൈതപ്രം കഴിഞ്ഞ ദിവസം  നല്‍കിയ അഭിമുഖത്തില്‍ ഹരീഷിനെ വിമർശിച്ചുകൊണ്ട് സംസാരിച്ചിരുന്നു. കൈതപ്രം സംസാരിച്ചിരുന്നത് ഹരീഷിന്റെ പാട്ടുകൾ ട്യൂണ്‍ മാറ്റി പാടുന്ന രീതിയെക്കുറിച്ചാണ്. ഹരീഷ് ശിവരാമകൃഷ്ണന്‍ ഇതിന് മറുപടിയായി പറഞ്ഞത് ദേവാങ്കണങ്ങള്‍ എന്ന സിനിമാഗാനം ഇതിനു മുമ്പും താന്‍ പാടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കൂടാതെ ഈ ജീവിതകാലം മുഴുവന്‍ ഇനിയും ഈ ഗാനം ആലപിക്കുമെന്നും ആണ്. ഹരീഷ് പ്രതികരിച്ചത് പാട്ട് പാടുന്ന വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു. അദ്ദേഹം തന്റെ വിഡിയോയിൽ ദേവാങ്കണങ്ങള്‍ എന്ന ഗാനമാണ് ആലപിക്കുന്നത്. ”ഈ പാട്ട് കാസറ്റില്‍ ആക്കി അച്ഛന്‍ കൊണ്ട് വരുന്നത് ഞാന്‍ 7 ൽ പഠിക്കുമ്പോൾ ആണ്. ജോണ്‍സന്‍ മാസ്റ്റര്‍ എന്ന മഹാനായ സംഗീതജ്ഞന്‍ കല്യാണി രാഗത്തിന്റെ ഇതു വരെ കേള്‍ക്കാത്ത മാനങ്ങള്‍ നമുക്ക് മുന്നില്‍ കാഴ്ചവെച്ച ഈ അപൂര്‍വ സൃഷ്ടിയുടെ രണ്ടാമത്തെ ചരണത്തിൽ വളരെ സൂക്ഷ്മമായ സ്വര വ്യതിയാനത്തിലൂടെ അദ്ദേഹം മറ്റൊരു രാഗത്തിന്റെ അംശം കൊണ്ട് വരുന്നുണ്ട്. ഇത് എത്ര തവണ ഞാൻ കേട്ടു കാണും എന്ന് അറിയില്ല. കര്‍ണാടക ഹിന്ദുസ്ഥാനി ശൈലികളില്‍ ദാസേട്ടന്റെ ഗംഭീര ശബ്ദം അനായാസം പ്രവഹിക്കുന്ന ഈണം ആണ് ഈ പാട്ടിനുള്ളത്” എന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍ പറയുന്നു.

Harish Sivaramakrishnan Biodata, Age, Wife, Songs and More

‘എത്ര മനോഹരമായാണ് പദ്മശ്രീ കൈതപ്രം ദാമോദരന്‍ അവര്‍കള്‍ ഈ വരികൾ ആ മീറ്ററിൽ അണിയിച്ചിരിക്കുന്നത്. ഇത് സംഗീതത്തില്‍ അത്രയും ജ്ഞാനം ഉള്ള ഒരു കവിക്ക് മാത്രം ചെയ്യാനാവുന്ന ഒന്നാണ്. ഇത് സിനിമാഗാനം എന്നതിലുപരി ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അത്യപൂര്‍വ സൃഷ്ടി തന്നെയാണ്.ഈ പാട്ട് പാടാന്‍ ഇതിനു മുമ്പും ശ്രമിച്ചിട്ടുണ്ട്. ഈ പാട്ട് ജീവിത കാലം മുഴുവനും പാടുകയും ചെയ്യും. പുതിയ അനുഭവം ആണ് ഓരോ തവണ ഈ പാട്ട് പാടുമ്പോഴും എനിക്ക് കിട്ടുന്നത്. ജഗന്നാഥന്‍ തമ്പുരാന്‍ പറയുന്ന പോലെ ‘അടുക്കും തോറും അകലം കൂടുന്ന മഹാ സാഗരം, സംഗീതം’ എന്നു പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

“നല്ലൊരു ഗായകനാണ് ഹരീഷ് എന്നതിൽ തര്‍ക്കമില്ല. ഞാന്‍ അയാൾ ആലപിച്ച രംഗപുര വിഹാര പോലുളള ഗാനങ്ങളുടെ ആരാധകനാണ്. എന്നാല്‍ സിനിമകളില്‍ പാട്ടുകള്‍ പാടുന്നത് ഒരു ചതുരത്തിനുളളില്‍ നിന്നാണ്. ഗായകര്‍ക്ക് അതില്‍ നിന്ന് പുറത്തുപോകാനുളള അനുവാദം ഉണ്ടായിരുന്നില്ല. മൂന്നോ നാലോ മിനിറ്റില്‍ റെക്കോഡില്‍ പാടിതീര്‍ക്കണം എന്നുള്ളതാണ് ഇതിന്റെ കാരണം” എന്നായിരുന്നു കൈതപ്രം അഭിമുഖത്തിൽ പറഞ്ഞത്.സിനിമ പാട്ടിന്റെ സൗന്ദര്യം ആ കുറുക്കല്‍ തന്നെയാണ് എന്ന് കൈതപ്രം അഭിപ്രായപ്പെടുന്നു. ആരെക്കാളും മികച്ച രീതിയില്‍ ദാസേട്ടനും ചിത്രയുമൊക്കെ സംഗതികളിട്ട് പാടും. ഹരീഷിനെ പോലുളളവര്‍ക്ക് സമയപരിധി ഇല്ലാത്തതിനാല്‍ ഈ ചതുരമൊക്കെ വിട്ട് എന്ത് സാഹസവും കാണിക്കാം. എന്നാൽ പാട്ടിന് സൗന്ദര്യം ഉണ്ടാവണമെങ്കിൽ ആ ചതുരത്തില്‍ നിന്ന് പാടണം’ എന്നും അദ്ദേഹം പറഞ്ഞു.

Related posts