കൊറോണ വ്യാപനത്തിൻ്റെ രണ്ടാം ഘട്ടം ഇന്ത്യയിൽ വീണ്ടും ആഞ്ഞടിക്കുകയാണ്. കേരളത്തിസ്ഥിതിവിശേഷം മറ്റൊന്നല്ല. ഇതിനോട് അനുബന്ധിച്ചു പല നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തിക്കഴിഞ്ഞു. സിനിമ ലോകവും ഈ പ്രതിസന്ധി നേരിടുകയാണ്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരമായ ഇന്ദ്രൻസ് നടത്തിയ രസകരമായ സംഭാഷണ ശകലം പങ്കുവെച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. നിരവധി ചിത്രങ്ങളാണ് ഇന്ദ്രൻസ് അഭിനയിച്ച് പുറത്തിറങ്ങാനായിരിക്കുന്നത്. ഇതിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തുന്ന സിനിമകളുമുണ്ട്. ഇപ്പോൾ അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളിലൊന്നിലെ ലൊക്കേഷനിൽ വെച്ച് താരം നടത്തിയ രസകരമായ ഒരു പരാമർശമാണ് ഹരീഷ് പേരടി ചൂണ്ടിക്കാട്ടുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഇന്ന് ഇന്ദ്രൻസ് ഏട്ടന്റെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഇടവേളയിൽ ഒരു സുഹൃത്ത് മൂപ്പരോട് ഇങ്ങിനെ ചോദിച്ചു. സു -കൊറോണ ഒരിക്കൽ വന്നാൽ വീണ്ടും വരുമോ? ഇ- വരും. സു- എങ്ങിനെ? ഇ-ആദ്യം വന്നതുകൊണ്ട് അതിന് വഴിയറിയാമല്ലോ. പിന്നീട് ഞാൻ ഇന്ദ്രൻസേട്ടനെ നോക്കുമ്പോൾ മൂപ്പർക്ക് ബഷീറിന്റെയും വി കെ എന്നിന്റെയും ഒക്കെ മുഖഛായ ഉണ്ടായിരുന്നു. ഇങ്ങനെയാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.
നിരവധി പേരാണ് പോസ്റ്റിനു കമെന്റുകളുമായി എത്തുന്നത്. നമ്മുടെ തിരുവനന്തപുരത്തുക്കാരനാണ്. ഇന്നും ഒരു തയ്യൽക്കാരനായിരുന്നു എന്ന് പറയാൻ ഒരു നാണവുമില്ല. ഒന്നോ രണ്ടോ പടത്തിൽ മുഖം കാണിച്ചവർ കാണിക്കുന്ന ജാഡയും ആഡംബരവും! ഇവരൊക്കെ പാഠമാക്കേണ്ടത് ഇങ്ങേരുടെ ജീവിതമാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.