മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹരീഷ് പേരടി. മിനിസ്ക്രീനിൽ നിന്നുമാണ് ബിഗ്സ്ക്രീനിലേക്ക് താരം എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാള സിനിമ ആസ്വാദകർക്ക് പ്രിയപ്പെട്ട താരമായി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ലൈഫ് ഓഫ് ജോസൂട്ടി ഗോദ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തവും തന്മയത്വം നിറഞ്ഞതുമായ പ്രകടനം താരത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ താരം തന്റെ അഭിപ്രായം പറയാറുണ്ട്.
ഹരീഷ് പേരടിയും താരസംഘടനയായ അമ്മയും തമ്മിലുള്ള പോര് ഇതിനിടെ വലിയ വാർത്തയായിരുന്നു. ഒടുവിൽ ഹരീഷ് പേരടി അമ്മയിൽ നിന്ന് രാജിവെക്കുകയായിരുന്നു. അമ്മയുടെ പ്രസിഡന്റായ മോഹൻലാലിനെതിരെയും ഹരീഷ് പേരടി അപ്പോൾ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും ഇവർ തമ്മിലുള്ള വ്യക്തിബന്ധത്തെ ബാധിക്കുന്നതല്ല എന്നാണ് ഹരീഷ് പേരിടി പറയുന്നത്. മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ഓളവും തീരവും എന്ന സിനിമയിൽ ഹരീഷും അഭിനയിക്കുന്നു. ഷൂട്ടിങ്ങിനിടെ മോഹൻലാലിനൊപ്പം പകർത്തിയ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഒരു കുറിപ്പ്. അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാകുന്നു എന്നാണ് ഹരീഷ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ, എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാകുന്നു.. അഭിനയത്തിൽ മാത്രമല്ല..മനുഷ്യത്വത്തിലും.. തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ.