മലയാള സിനിമയുടെ സൂപ്പർ ഹീറോ മിന്നല്‍ മുരളി ലോകത്ത് ആകമാനമുള്ള പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ തന്നെ ട്രെൻഡിങ്ങിൽ ആണ് ചിത്രം ഇപ്പോൾ. സിനിമ ഹിറ്റായതോടെ കഥാപാത്രങ്ങളും ഹിറ്റായിരിക്കുകയാണ്. സിനിമയ്ക്ക് ശേഷം ചര്‍ച്ചയായത് ഗുരു സോമസുന്ദരം അവതരിപ്പിച്ച വില്ലനായ ഷിബുവും അയാളുടെ പ്രണയവുമായിരുന്നു. സിനിമയുടെ റിലീസിന് ശേഷം ഷിബുവിന്റെ പ്രണയം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നപ്പോള്‍ അതിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിരുന്നു.
ഷിബുവിന്റ പ്രണയം ടോക്‌സിക് ആണെന്നും അത് ഗ്ലോറിഫൈ ചെയ്യപ്പടേണ്ടതല്ലെന്നും പലരും അഭിപ്രായപ്പെട്ടു. കാമുകിയെ സ്വന്തമാക്കാനായി അവളുടെ സഹോദരനേയും വിവാഹം കഴിക്കാന്‍ പോകുന്നയാളേയും കൊല്ലുന്ന ഷിബുവിന്റെ പ്രണയം ആഘോഷിക്കപ്പെടേണ്ടതല്ലെന്നും പറഞ്ഞവര്‍ നിരവധിയാണ്.
എന്നാല്‍ ഷിബുവിന്റെ പ്രണയം ടോക്‌സിക് പ്രണയമാണെന്ന് കരുതുന്നില്ലെന്ന് പറയുകയാണ് ഗുരു സോമസുന്ദരം. ഷിബുവന്റെ ഭാഗത്ത് നിന്നും നോക്കിയാല്‍ അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ന്യായമുണ്ടെന്നും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും ഗുരു പറയുന്നു. മാതൃഭൂമിക്ക് കൊടുത്ത അഭിമുഖത്തിലാണ് ഷിബു എന്ന കഥാപാത്രത്തെ കുറിച്ച് ഗുരു പറഞ്ഞത്.