ഗിന്നസ് പക്രു എന്ന അജയകുമാർ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ്. പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ താരമാണ് അദ്ദേഹം. അമ്പിളിയമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് പക്രു മലയാള സിനിമയുടെ മുൻ നിരയിലേക്ക് എത്തുന്നത്. തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വയം സ്വീകരിച്ചു. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്.അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്.നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു.ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്. 2009 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. ദീപ്ത കീർത്തി എന്നാണ് മകൾക്ക് പേരിട്ടത്.
ഇപ്പോളിതാ അമ്മയെക്കുറിച്ച് വാചാലയാവുകയാണ് താരം. അംബുജാക്ഷിയമ്മ എന്നാണ് അമ്മയുടെ പേര്. എനിക്ക് നാലു വയസൊക്കെ ആയപ്പോഴാണ് ഉയരക്കുറവിനെക്കുറിച്ച് അമ്മയും അച്ഛനും ശ്രദ്ധിക്കുന്നത്. ആ സമയത്ത് എനിക്ക് ഒരു സൈക്കിൾ വാങ്ങി തന്നിരുന്നു. മൂന്നു ചക്രമുള്ള സൈക്കിൾ ഇല്ലേ. അങ്ങനെയൊന്ന്! നാലു വയസായിട്ടും എനിക്ക് അത് ഉന്തി നടക്കാനേ പറ്റുന്നുള്ളൂ. ചവിട്ടാൻ പറ്റുന്നില്ല. അന്നേരമാണ് ഈ വ്യത്യാസം അമ്മ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനുശേഷം വളരാനുള്ള പൊടികളുടെ ടിന്നുകളായിരുന്നു വീടു നിറയെ! അതൊക്കെ തന്നിട്ട്, പൊടി തീരുന്നതല്ലാതെ ഞാൻ വളരുന്നതൊന്നും ഇല്ലായിരുന്നു. എന്റെ ഈ പ്രത്യേകത മനസിലാക്കിയപ്പോൾ എല്ലാവരും വളരെ സ്നേഹത്തോടും കരുതലോടും കൂടിയാണ് എന്നോട് പെരുമാറിയിരുന്നത്. വേദനിപ്പിക്കലോ കുത്തിപ്പറച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. എല്ലാവർക്കും എന്നോട് പ്രത്യേക വാത്സല്യമായിരുന്നു
യുവജനോത്സവ വേദികളിലേക്ക് അമ്മയാണ് എന്നെ എടുത്തുകൊണ്ടു പോയിരുന്നത്. എന്റെ വിദ്യാഭ്യാസ കാര്യങ്ങൾക്കും കലാപരിപാടികൾക്കുമുള്ള യാത്രകളിൽ എന്നെ കൊണ്ടു നടന്നതെല്ലാം അമ്മയായിരുന്നു. എന്നെ കല്ല്യാണം കഴിപ്പിക്കണം, കുടുംബമുണ്ടാകണം എന്ന ആഗ്രഹം ഏറ്റവും കൂടുതൽ ഉണ്ടായിരുന്നതും അമ്മയ്ക്കായിരുന്നു. എന്റെ വിവാഹം നടത്താൻ മുൻപിലുണ്ടായിരുന്നത് അമ്മയായിരുന്നു. അമ്മ മുൻപിട്ടിറങ്ങി. അമ്മ തന്നെയാണ് ഈ പ്രൊപ്പോസൽ കണ്ടെത്തിയതും സംസാരിച്ചതും. എന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അമ്മയാണ് കട്ടയ്ക്ക് കൂടെ നിന്നിട്ടുള്ളത്. എന്നാൽ ഞങ്ങള് ഇടയ്ക്ക് നന്നായി വഴക്കു കൂടും. വമ്പൻ ചർച്ചകളുണ്ടാകും. നിയമസഭയിലൊക്കെ നടക്കില്ലേ. അതുപോലെ. ഘോര വാദപ്രതിവാദങ്ങളുണ്ടാകും. ഒടുവിൽ ഞങ്ങൾ അഭിപ്രായ സമന്വയത്തിലെത്തി സംഗതി അവസാനിക്കും. എന്തായാലും റിസൾട്ട് എപ്പോഴും പോസിറ്റീവ് തന്നെയായിരിക്കും.