അതൊക്കെയാണ്‌ ഹരിപ്രിയയെ ഭംഗിയാക്കാന്‍ എന്നെ സഹായിച്ചത്! ഗ്രേസ് ആന്റണി പറയുന്നു!

ഗ്രേസ് ആന്റണി, ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ്. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് താരം എത്തുന്നത്. അതിനു ശേഷം ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം, തമാശ, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്‌സിലെ താരത്തിന്റെ വേഷം ഏറെശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ കനകം കാമിനി കലഹത്തിലെ നായിക കഥാപാത്രമായ ഹരിപ്രിയയെ പറ്റി പറയുകയാണ് ഗ്രേസ്.

 

ഓരോ കഥാപാത്രവും ചെയ്യുന്നതിന് മുൻപ് ആ വ്യക്തിയെ പറ്റി പഠിക്കാനും അവരുടെ സ്വഭാവരീതികള്‍ മനസിലാക്കാനും ശ്രമിക്കാറുണ്ട്. ഒരു കഥ പറഞ്ഞു തരുമ്പോള്‍ തന്നെ ആ സംവിധായകന്റെ അല്ലെങ്കില്‍ എഴുത്തുകാരന്റെ മനസില്‍ ആ കഥാപാത്രത്തെക്കുറിച്ചുള്ള ആശയം നമ്മളിലേക്കെത്തിക്കുക എന്നത് അവരുടെ വിജയമാണ്. രതീഷേട്ടന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ഹരിപ്രിയയെ എനിക്ക് മനസിലാക്കാനായി. അത്ര സമഗ്രമായാണ് അദ്ദേഹം തിരക്കഥ പറഞ്ഞു തന്നത്.

 

വൈകാരികമായ കുറേ മുഹൂര്‍ത്തങ്ങളിലൂടെ ഹരിപ്രിയ കടന്നു പോകുന്നുണ്ട്. സീരിയല്‍ നടിയാണ്. സമൂഹത്തിലെ പല സ്ത്രീകളും നേരിടുന്ന പല പ്രശ്‌നങ്ങളും അവളിലൂടെ പറയുന്നുണ്ട്. ഒരു പരിധി കഴിയുമ്പോഴാണ് അവള്‍ പൊട്ടിത്തെറിക്കുന്നത്. അത്തരം കഥാസന്ദര്‍ഭങ്ങള്‍ ഞാനാദ്യമായാണ് ചെയ്യുന്നത്. വാക്കുകളിലൂടെയാണ് ഹരിപ്രിയയുടെ വികാരങ്ങള്‍ കൂടുതലും പ്രകടിപ്പിക്കുന്നത്. ധാരാളം സംഭാഷണങ്ങളുണ്ടായിരുന്നു. കാണാപാഠം പഠിച്ചാണ് അവതരിപ്പിച്ചത്. ഹരിപ്രിയയെ നന്നായി അവതരിപ്പിക്കാന്‍ നിവിന്‍ ചേട്ടന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നല്ല പിന്തുണ തന്നു. പിന്നെ രതീഷേട്ടന്‍ നല്‍കിയ സ്വാതന്ത്രൃം, കൂടെ നിന്ന മറ്റ് താരങ്ങള്‍ നല്‍കിയ സ്‌പേസ് അതെല്ലാമാണ് ഹരിപ്രിയയെ ഭംഗിയാക്കാന്‍ എന്നെ സഹായിച്ചത് ഗ്രേസ് ആന്റണി പറഞ്ഞു.

Related posts