ഗ്രേസ് ആന്റണി, ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ്. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് താരം എത്തുന്നത്. അതിനു ശേഷം ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം, തമാശ, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്‌സിലെ താരത്തിന്റെ വേഷം ഏറെശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്രേസ് പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഉള്‍പ്പെടെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ തന്റെ ഫോട്ടോ ഷൂട്ടുകള്‍ക്ക് വരുന്ന കമന്റുളെ പറ്റി ചിന്തിക്കാറില്ലെന്ന് പറയുകയാണ് നടി. കമന്റ് സെക്ഷനില്‍ ആര്‍ക്കും വന്ന് എന്തും പറയാമെന്ന അവസ്ഥയായി. അത് മൈന്റ് ചെയ്യാതെ തന്റെ ജോലി നോക്കുകയാണ് ചെയ്യുന്നതെന്ന് ഗ്രേസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ലോക്ക്ഡൗണിന്റെ സമയത്ത് ആള്‍ക്കാര് ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഞാനതിന് വേണ്ടി നിന്നിട്ടില്ല. കാരണം എനിക്ക് തോന്നുമ്പോഴേ എനിക്ക് ചെയ്യാന്‍ പറ്റൂ. ഒരാള് പുഷ് ചെയ്തത് കൊണ്ട് മത്രം ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാനിങ്ങനെ പാവയെ പോലെ നിക്കുമെന്നേയുള്ളൂ. എനിക്ക് ചെയ്യണമെന്ന് തോന്നുന്ന സമയത്ത് ഒന്നോ രണ്ടോ ഫോട്ടോഷൂട്ട് മാത്രമേ ചെയ്തിട്ടുള്ളൂ. അതും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ വെച്ച് ചെയ്തതൊന്നുമല്ല. അത് വളരെ അപൂര്‍വമായേ സംഭവിച്ചിട്ടുള്ളൂ. ലോക്ക്ഡൗണിന്റെ സമയത്ത് സിനിമ ഒന്നുമില്ലാതിരിക്കുമ്പോള്‍ ഒരു സംതൃപ്തി കിട്ടാനായി ആള്‍ക്കാര്‍ ചെയ്യുന്നതാണ് ഫോട്ടോഷൂട്ടൊക്കെ ഗ്രേസ് പറഞ്ഞു.
കമന്റ് സെക്ഷനില്‍ ഓരോരുത്തര്‍ക്കും എന്തും പറയാം എന്നൊരു അവസ്ഥയിലേക്കെത്തി. എന്റെ ഇന്‍സ്റ്റാവാള്‍ എന്റെ ഐഡന്റിറ്റി ആണ്. ഞാനെന്താണെന്നാണ് അവിടെ കാണിക്കുന്നത്. എനിക്കെന്താണ് തോന്നുന്നത് അത് ഞാന്‍ ചെയ്യും. കമന്റുകള്‍ ഞാന്‍ കാര്യമാക്കാറില്ല. എന്റെ ജോലി ചെയ്യുക പോവുക. അത്രേയുള്ളൂ,’ ഗ്രേസ് കൂട്ടിച്ചേര്‍ത്തു.