ഗൗതമി നായര്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഗൗതമി വെള്ളിത്തിരയിലെത്തുന്നത് 2012ല്‍ പുറത്തിറങ്ങിയ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ്. ലാല്‍ ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലെസ് എന്ന ചിത്രത്തിലും ഇതേ വര്‍ഷത്തില്‍ ഗൗതമി തിളങ്ങി. ചാപ്‌റ്റേഴ്‌സ്, കൂതറ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നടിയുടേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേരി ആവാസ് സുനോ’. ചിത്രത്തില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് മഞ്ജു വാര്യരും ജയസൂര്യയുമാണ്. ഗൗതമി അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത്. അണിയറയിൽ ഗൗതമിയുടെ സംവിധാനത്തിൽ ‘വൃത്തം’ എന്ന ചിത്രം ഒരുങ്ങുകയാണ്.
ഇപ്പോള്‍ താന്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കാനുള്ള കാരണത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഗൗതമി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഗൗതമിയുടെ വാക്കുകള്‍ ഇങ്ങനെ” മനപ്പൂര്‍വ്വമായി സിനിമയില്‍ നിന്നും ഇടവേളയെടുത്തതായിരുന്നില്ല. ഇനി അഭിനയിക്കില്ലെന്നോ, സിനിമ നിര്‍ത്തിയെന്നോ പറഞ്ഞിട്ടേയില്ല. വ്യാജപ്രചാരണമായിരുന്നു അത്. ഇനി ഞാന്‍ അഭിനയിക്കില്ലെന്നാണ് സിനിമാലോകത്തുള്ളവര്‍ പോലും കരുതിയത്. അഭിനയത്തില്‍ സജീവമല്ലാതിരുന്ന സമയം പഠനത്തിലായിരുന്നു ശ്രദ്ധ. എം എസ് സി സൈക്കോളജിക്ക് ശേഷം പിഎച്ച്ഡി ചെയ്യുകയാണ് ഇപ്പോള്‍.
നല്ല അവസരങ്ങള്‍ വന്നാല്‍ സ്വീകരിക്കാനായിരുന്നു തീരുമാനിച്ചത്. ഇടയ്ക്ക് ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവസാനനിമിഷം മാറ്റുകയായിരുന്നു. അതിന് ശേഷമായാണ് മേരി ആവാസ് സുനോയിലേക്ക് വിളിച്ചത്. അത്ഭുതത്തോടെയായിരുന്നു ആ ലൊക്കേഷനിലേക്ക് പോയത്. 5 വര്‍ഷത്തിന് ശേഷം വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെ പരിഭ്രമമുണ്ടായിരുന്നുവെന്നും നടി പറയുന്നുണ്ട്. തിരിച്ച് മഞ്ജുവാര്യര്‍ ചിത്രത്തിലായതിന്റെ സന്തോഷവും നടി പങ്കുവെയ്ക്കുന്നുണ്ട്. ”മഞ്ജു ചേച്ചിക്കൊപ്പമായിരുന്നു ആദ്യ ഷോട്ട്. നല്ല ടെന്‍ഷനുണ്ടായിരുന്നു ആ സമയത്ത്. ചേച്ചി ആ ടെന്‍ഷനൊക്കെ മാറ്റിത്തന്ന് എന്നെ കൂളാക്കുകയായിരുന്നു. റേഡിയോ ജോക്കിയായാണ് ചിത്രത്തില്‍ വേഷമിട്ടത്. രണ്ടാംവരവിലെ ആദ്യ ചിത്രം മഞ്ജു വാര്യര്‍ക്കൊപ്പമാണെന്നുള്ളത് വലിയ സന്തോഷമാണ്.
നടിയുടെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് നടിയെ വിവാഹം കഴിച്ചിരിക്കുന്നത്. 2017 ല്‍ ആയിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹത്തെ കുറിച്ചും താരം പറയുന്നുണ്ട്. ”സെക്കന്‍ഡ് ഷോ മുതല്‍ ശ്രീനാഥും ഗൗതമിയും തമ്മില്‍ പരിചയമുണ്ട്. പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്നവരാണെന്ന് മനസ്സിലാക്കിയതിന് ശേഷമായിരുന്നു വിവാഹിതരാവാന്‍ തീരുമാനിച്ചത്. വൃത്തം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഒരുവീട്ടില്‍ 2 സംവിധായകര്‍ എന്ന ചിന്തയൊന്നുമില്ലായിരുന്നു. വൃത്തത്തിന്റെ കുറച്ച് ഭാഗം ഇനി ചിത്രീകരിക്കാനുണ്ട്. ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാവുമെന്നാണ് പ്രതീക്ഷ”.
സൈക്കോളജി പഠനത്തിനെ കുറിച്ചും നടി പറയുന്നുണ്ട്. ഒരുപാട് ഇഷ്ടത്തോടെയാണ് ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചത്. ആളുകളുടെ മനസ്സിലിരുപ്പൊക്കെ ഇപ്പോള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഇന്റേണ്‍ഷിപ്പ്. അവിടത്തെ അനുഭവങ്ങള്‍ ജീവിതം മാറാന്‍ സഹായിച്ചു. വിവാഹത്തിന് മുന്‍പ് എങ്ങനെയായിരുന്നോ അതേ പോലെ തന്നെയാണ് വിവാഹ ശേഷമുള്ള ജീവിതവും. സ്വഭാവത്തിലും മാറ്റമില്ല.