ഗൗരി കൃഷ്ണ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അടുത്തിടെ പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്. കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയായത്. ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഗൗരി കൃഷ്ണന്റേയും പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയായ മനോജിന്റേയും വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചുവപ്പും വെള്ളയും നിറങ്ങൾ ചേർന്ന ബ്രൈഡൽഡ സാരിയിലും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടിയാണ് ഗൗരി കൃഷ്ണൻ എത്തിയത്. വെള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു വരൻ മനോജിന്റെ വേഷം.
ഇപ്പോഴിത വിവാഹ ദിവസം തനിക്ക് നേരെ വന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗൗരി. അച്ഛൻ വർഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അച്ഛന്റെ സേവിങ്സ്. അത് എന്റെ വിവാഹത്തിന് തീർക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് അവരുടെ ആവശ്യങ്ങൾക്ക് ഉപകാരപ്പെടണം. ഞാൻ സ്വർണ്ണം വാങ്ങാത്തതിന് പലരും എന്നെ കുറ്റപ്പെടുത്തി, സ്വർണ്ണം ഒരു മുതൽക്കൂട്ടല്ലെ എന്നൊക്കെയാണ് അവർ എന്നോട് ചോദിച്ചത്. മുതൽക്കൂട്ട് അവനവൻ അധ്വാനിച്ച് ഉണ്ടാക്കണം. അല്ലാതെ അച്ഛന്റേയും അമ്മയുടേയും വളരെ നാളായുള്ള കഷ്ടപ്പാടിനെ സ്വർണ്ണമാക്കിയിട്ട് അഭിമാനത്തോടെ നിൽക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അച്ഛനും അമ്മയും അവരുടെ സന്തോഷത്തിന് എനിക്ക് സ്വർണം നൽകിയിരുന്നു. പക്ഷെ ഞാൻ അത് വാങ്ങിയില്ല. ഭർത്താവിനോട് ഞാൻ ചോദിച്ചിരുന്നു അദ്ദേഹത്തിനും താൽപര്യമില്ലായിരുന്നു. അച്ഛനും അമ്മയും ചേച്ചിയും എനിക്ക് തന്ന സ്വർണം അവിടെ വീട്ടിൽ വെച്ചാണ് ഞാൻ വന്നത്. നാളെ അവർക്കൊരു ആവശ്യം വന്നാലോ. പൊതുവെ ഗോൾഡ് ഇടാനും എനിക്ക് താൽപര്യമില്ല. സ്വർണ്ണം ഇട്ടാലാണോ ഭർത്താവിന്റെ വീട്ടിൽ വില കിട്ടുക. നമ്മുടെ സ്വഭാവം കൊണ്ടല്ലേ നമ്മൾ വിലയുണ്ടാക്കി എടുക്കേണ്ടത്. ഞങ്ങൾ ഒരുപാട് പേരെ കല്യാണത്തിന് ക്ഷണിച്ച് വരുത്തിയിരുന്നു.
അവർക്കൊന്നും മീഡിയ മണ്ഡപത്തെ ചുറ്റി നിന്നതുകൊണ്ട് ചടങ്ങ് കാണാൻ സാധിച്ചില്ല. അതുകൊണ്ടാണ് റിയാക്ട് ചെയ്തത്. മീഡിയയ്ക്ക് നിൽക്കാൻ പ്രത്യേകം സ്പേസ് വരെ ഞങ്ങൾ ഒരുക്കിയിരുന്നു. പക്ഷെ അങ്ങനൊന്നും അല്ല കാര്യങ്ങൾ നടന്നത്. അഷ്ടമംഗല്യം എടുക്കുന്നതിൽ പോലും കൺഫ്യൂഷൻ ഉണ്ടായി. എന്റെ സ്വന്തം ചേച്ചിക്ക് പോലും സ്റ്റേജിൽ നിൽക്കാൻ മീഡിയയുടെ തള്ളിക്കയറ്റം കാരണം സാധിച്ചില്ല. താലികെട്ട് അമ്പലത്തിൽ കഴിഞ്ഞിരുന്നു. മണ്ഡപത്തിൽ മാലയിടലാണ് നടന്നത്. എന്റെ ആക്ഷനുകളായിരുന്നു പലരും എന്നെ കുറ്റപ്പെടുത്താൻ കാരണം. അച്ഛനും സ്റ്റേജിലേക്ക് വരാൻ പറ്റുന്നില്ലായിരുന്നു… അപ്പോഴാണ് എന്തായിത് എന്ന് മീഡിയക്കാരോട് എനിക്ക് ചോദിക്കേണ്ടി വന്നത്. എനിക്ക് നാണമായിരുന്നില്ല. പ്രാർഥനയായിരുന്നു മനസിൽ. എനിക്ക് കാരണവന്മാരുണ്ട്. അവർക്ക് അവരുടേതായ ജോലിയുണ്ട്. കല്യാണപെണ്ണിന്റെ ശബ്ദം മണ്ഡപത്തിൽ കേട്ടതും പലർക്കും ഇഷ്ടപ്പെട്ടില്ല.