വളരെ കുറഞ്ഞ ചിലവില്‍ സൈറ്റ് സീയിങ് സര്‍വ്വീസിനു ശേഷം മൂന്നാർ കാന്തല്ലൂരിലേക്ക് സര്‍വ്വീസുമായി കെഎസ്‌ആര്‍ടിസി. മൂന്നാറില്‍ നിന്നും കാന്തല്ലൂരിലേക്കുള്ള ബജറ്റ് സഞ്ചാരികളെ ഉദ്ദേശിച്ചാണ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. ഒരു ദിവസം മുഴുവനും കാന്തല്ലൂരിലെ കാഴ്ചകള്‍ കണ്ട് തിരികെ വരുന്ന രീതിയിലാണ് സര്‍വ്വീസ്. ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 300 രൂപ.
മൂന്നാര്‍ പഴയ ഡിപ്പോയില്‍ നിന്നും യാത്ര തുടങ്ങുന്ന വിധത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.30 മണിക്ക് യാത്ര തുടങ്ങും. ഉച്ചയ്ക്ക് കാന്തല്ലൂരിലെത്തുന്ന സര്‍വ്വീസില്‍ എട്ടാംമൈല്‍, ലക്കം വെള്ളച്ചാട്ടം, മറയൂര്‍ ചന്ദന തോട്ടം, പ്രശസ്തമായ മുനിയറകള്‍, പച്ചക്കറിത്തോട്ടങ്ങള്‍ തുടങ്ങിയവയാണ് സന്ദര്‍ശിക്കുന്നത്. തിരികെ വൈകിട്ട് അഞ്ച് മണിക്ക് ബസ് മൂന്നാറിലെത്തും.
മൂന്നാറില്‍ എത്തിയാലും ഇവിടെ നിന്നും മിക്ക സ്ഥലങ്ങളിലേക്കും കൃത്യമായ സര്‍വ്വീസുകള്‍ ഇല്ലാത്തത് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സഞ്ചാരികള്‍ക്ക് വലിയ ബുദ്ധിമുട്ട് ആയിരുന്നു ഉണ്ടാക്കിയിരുന്നത്. കൂടുതലും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ ചിലവായിരുന്നു സഞ്ചാരികള്‍ക്ക്.നേരത്തെ മൂന്നാറില്‍ കുറഞ്ഞ ചിലവില്‍ സൈറ്റ് സീയിങ് സര്‍വ്വീസ് കെഎസ്‌ആര്‍ടിസി ആരംഭിച്ചിരുന്നു.
ടോപ് സ്റ്റേഷന്‍, കുണ്ടള ഡാം, എക്കോ പോയിന്‍റ്, മാട്ടുപെട്ടി, ഫ്ലോര്‍ ഗാര്‍ഡന്‍, എന്നീ സ്ഥലങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെട്ടിരുന്നത്. 250 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. യാത്രയ്ക്കൊപ്പം തന്നെ ഓരോ ഇടങ്ങളും വിശദമായി കാണുവാനും പരിചയപ്പെടുവാനും ഒരു മണിക്കൂറോളം നേരവും ഓരോ ഇടത്തും ചിലവഴിക്കുവാന്‍ സാധിക്കൂന്ന തരത്തിലാണ് യാത്രയള്ളത്. ഇതിനോടൊപ്പം തന്നെ ഭക്ഷണത്തിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും.