സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകളാണ് ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സിനിമയെ കുറിച്ച് നടക്കുന്നത്. ചിത്രത്തിന്റെ പ്രമേയം തുല്യതയായിരിക്കെ സിനിമയില്‍ അഭിനയിച്ച സുരാജിനും നിമിഷയ്ക്കും തുല്യ വേതനമായിരുന്നോ നല്‍കിയത് എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.ഇത്തരം ചോദ്യം ചോദിക്കുന്നവര്‍ ആചാര സംരക്ഷണത്തിനായി ഓടിയവരും കല്ലെറിഞ്ഞവരും ആയിരിക്കും.
സുരാജിനും നിമിഷയ്ക്കും എത്രയാണ് ശമ്പളം കൊടുത്തതെന്ന് പറയുവാന്‍ സൗകര്യമില്ലെന്ന് ജിയോ ബേബി കേരള കൗമുദിയോട് പറഞ്ഞു.’ഈ ചോദ്യം ചോദിക്കുന്നവര്‍ ആചാര സംരക്ഷണത്തിന് വേണ്ടി ഓടിയവരും കല്ലെറിഞ്ഞവരുമായിരിക്കും. സമത്വം തുല്യത എന്നൊക്കെ പറയുന്നതു നല്ല ആശയമാണ്. ഇവരുടെയൊക്കെ വീടുകളില്‍ അത് പ്രാവര്‍ത്തികമാക്കുന്നുണ്ടോ? ഇവരുടെ വീട് പണിയുവാന്‍ വരുന്ന എഞ്ചിനീയര്‍ക്കും മേസ്തരിക്കും ഒരേ വേതനമാണോ കൊടുക്കുന്നത്.
ഇനി സിനിമയില്‍ സുരാജിനും നിമിഷയ്ക്കും ഒരേ വേതനമാണോ കൊടുത്തതെന്ന് പറയുവാന്‍ സൗകര്യമില്ല’ എന്നാണ് സംവിധായകന്റെ വാക്കുകള്‍.തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദമ്ബതികളായി എത്തിയ ചിത്രമാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്.