മകളെ ചേർത്തുപിടിച്ച് ഗീതു മോഹൻദാസ്: കമന്റുകളുമായി ആരാധകർ

ഗീതു മോഹൻദാസ് ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ്. ഇപ്പോൾ താരം ‘മൂത്തോൻ’ എന്ന സിനിമയിലൂടെ ലോകമറിയുന്ന സംവിധായികയായി മാറിയിരിക്കുകയാണ്. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുമായി 2009-ലാണ് ഗീതുവിന്‍റെ വിവാഹം നടന്നത്. ഇവര്‍ക്ക് ആരാധന എന്ന ഒരു മകളും ഉണ്ട്. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ കുടുംബ വിശേഷങ്ങൾ ഇടയ്ക്കിടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഗീതു പങ്കുവെച്ചിരിക്കുന്നത് മകൾ ആരാധനയ്‌ക്കൊപ്പമുള്ള മനോഹരമായ സെൽഫിയാണ്. ചിത്രങ്ങളിൽ ആരാധനയെ ഗീതു വാരിപ്പുണരുന്നത് കാണാം.

ഒന്നു മുതൽ പൂജ്യം വരെ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് തന്റെ അഞ്ചാം വയസ്സിൽ ഗീതു സിനിമാ ലോകത്തേക്ക് അരങ്ങേറുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തന്റെ ആദ്യ സിനിമയിലൂടെ തന്നെ ഗീതുവിന് ലഭിച്ചു. ശേഷം 19-ാം വയസ്സിലാണ് താരം സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ആയിരുന്നു അടുത്ത ചിത്രം. മലയാളത്തിലും തമിഴിലുമായി 2009 വരെ ഒരുപാട് സിനിമകളിൽ ഗീതു അഭിനയിച്ചു. ശേഷം 2009ൽ കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിലൂടെ സിനിമാ സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് 2014-ൽ ലയേഴ്സ് ഡയസ് എന്ന മുഴുനീള ഹിന്ദി സിനിമയൊരുക്കി.

ലയേഴ്സ് ഡയസിന് സോഫിയ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്പെഷൽ ജ്യൂറി പുരസ്കാരവും രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ശേഷം നിവിൻ പോളിയെ നായകനാക്കി 2019ൽ മലയാളത്തിലും ഹിന്ദിയിലുമായി മൂത്തോൻ എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം ഒരുപാട് ഫിലിം ഫെസ്റ്റുവലുകളിൽ പ്രദര്‍ശിപ്പിക്കപ്പെട്ടു. മാത്രമല്ല ചിത്രത്തിന് ന്യൂയോര്‍ക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും ഇൻഡോ ജർമ്മൻ ചലച്ചിത്ര മേളയിലും സിൻസിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയിലുമുള്‍പ്പെടെ പുരസ്കാരങ്ങൾ ലഭിച്ചു.

Related posts