”സത്യത്തില്‍ അവരാണ് ഞങ്ങളുടെ കാര്‍ ഇടിച്ചു പൊളിച്ചത്….ഇതൊന്നും ഞാന്‍ പോലീസിനോട് പറഞ്ഞിട്ടില്ല”; ഗായത്രി സുരേഷ്

BY AISWARYA

നടി ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിയ്ക്കുകയും നാട്ടുകാര്‍ താരത്തെ പരസ്യമായി മാപ്പ് പറയിക്കുകയും ചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭയം കൊണ്ടായിരുന്നു വണ്ടി നിര്‍ത്താതിരുന്നതെന്ന് വിശദീകരിച്ച് താരം തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കാക്കനാട് സംഭവിച്ച അപകടത്തെക്കുറിച്ചും അതിനു ശേഷമുണ്ടായ വിവാദങ്ങളെക്കുറിച്ചും യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുകയാണ്. ഈ സംഭവം ഇത്രയും പ്രശ്‌നമാവാന്‍ കാരണം ഞാനൊരു സെലിബ്രിറ്റി ആയതാണെന്നും 20 മിനിറ്റോളം അവിടെ നില്‍ക്കുന്നവരോട് താന്‍ മാറിമാറി സോറി പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

‘കാക്കനാട് ഭാഗത്താണ് അപകടം നടക്കുന്നത്. മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു. റോഡില്‍ നല്ല തിരക്കായതുകൊണ്ട് നിര്‍ത്താന്‍ കഴിഞ്ഞില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകള്‍ ഞങ്ങളുടെ പുറകെ ഉണ്ടെന്ന് മനസിലായത്. അങ്ങനെ അവര്‍ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചു. കാര്‍ ഞങ്ങളുടെ മുന്നില്‍ നിര്‍ത്തി. ഒരു പയ്യന്‍ പുറത്തിറങ്ങി, എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ച് വീട്ടുകാരെ അസഭ്യം പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ കാറില്‍ നിന്ന് ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇത് ഇത്രയും വലിയ പ്രശ്‌നമാകാന്‍ കാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണക്കാരായിരുന്നെങ്കില്‍ അവര്‍ ആരും വിഡിയോ എടുക്കാന്‍ പോകുന്നില്ല.

ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് ഞാന്‍ മാറിമാറി സോറി പറഞ്ഞിട്ടുണ്ട്. അവസാനം പൊലീസ് വന്നു, അവരോട് വലിയ കടപ്പാടുണ്ട്. ‘മോള് കാറിനുള്ളില്‍ കയറി ഇരുന്നോളൂ’ എന്ന് പറഞ്ഞ് അവര്‍ ആദ്യം തന്നെ എന്നെ സുരക്ഷിതയാക്കി. ഞാന്‍ പെര്‍ഫക്ട് ആയുള്ള സ്ത്രീ ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെന്‍ഷന്റെ പുറത്ത് സംഭവിച്ചതാണ്. ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനുശേഷം അവര്‍ ഉപയോഗിച്ച ഭാഷ കേള്‍ക്കണം. സത്യത്തില്‍ അപകടത്തില്‍ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. ബാക്കി തകര്‍ത്തത് ആളുകള്‍ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറില്‍ ചവിട്ടി, ഇടിച്ചു. അവരാണ് ഞങ്ങളുടെ കാറിടിച്ച് പൊളിച്ചത്.

ഒരു മനഃസാക്ഷിയുമില്ലാതെ വിഡിയോ എടുത്ത് അത് പാട്ടാക്കുക. നമ്മുടെ നാട്ടിലെ ആളുകള്‍ ഇങ്ങനെയാണോ? വീട്ടുകാരെ എന്തൊക്കെ മോശമായി പറഞ്ഞു. പൊലീസുകാര്‍ വന്നിട്ട് നിങ്ങള്‍ പോയാല്‍ മതിയെന്ന് പറഞ്ഞ് മാന്യമായി ഞങ്ങളോട് ഇടപെടാമായിരുന്നു. എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ ഞാന്‍ ഓര്‍ക്കുന്നത്. കേരളത്തില്‍ മൂന്ന് കോടി ജനങ്ങളില്‍ ഒരുലക്ഷം ആളുകള്‍ മാത്രമാകും എനിക്കെതിരെ പറയുക. ബാക്കി കോടി ആളുകള്‍ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ട്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട.

 

 

 

 

 

 

 

 

 

Related posts