വയലിനിസ്റ്റ് ബാലഭാസ്ക്കറിനെ ഓർക്കാത്തവരായി ഒരു മലയാളി പോലും ഉണ്ടാകില്ല. ആ അതുല്യ പ്രതിഭ മരിച്ചു എന്ന് ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. സംഗീത ലോകത്തിന് തീരാനഷ്ടമാണ് ബാലഭാസ്കർ എന്ന കലാകാരൻ. ബാലഭാസ്കറിന്റെ ജന്മദിനമായിരുന്നു ഇന്നലെ. ഇപ്പോഴിതാ ഗായകൻ ജി വേണുഗോപാൽ ബാലഭാസ്കറിന്റെ ജന്മദിനത്തിൽ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ബാലഭാസ്കറിനൊപ്പമുള്ള ഫോട്ടോയും കുറിപ്പും ചേർത്താണ് അദ്ദേഹം തന്റെ ഓർമ്മകൾ പങ്കുവെച്ചത്.
ബാലു പോയിട്ട് മൂന്നു വർഷം ആകുന്നു. ബാലുവിന്റെ വളർച്ചയുടെ ഓരോ പടവുകളും ഞാൻ കണ്ടറിഞ്ഞതാണ്. ഈ വിയോഗം ഇന്നും താങ്ങാനാവുന്നില്ല. ഇന്ന് അവന്റെ പിറന്നാൾ ദിനം. എങ്ങുനിന്നോ ഗന്ധർവ്വ കിന്നരങ്ങൾ മീട്ടും പോലെ, വയലിൻ തന്ത്രികളുടെ നേർത്ത വിഷാദധ്വനി ചുറ്റും നിറയും പോലെ എന്നാണ് വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്.
മോക്ഷം എന്ന ചിത്രത്തിനുവേണ്ടി കാവാലം വരികൾ ഒരുക്കി ബാലഭാസ്കർ ഈണം പകർന്ന് ഓർക്കസ്ട്രേഷൻ നടത്തി വേണുഗോപാൽ തന്നെ ആലപിച്ച മയ്യണിക്കണ്ണേ ഉറങ്ങുറങ്ങു എന്ന ഗാനത്തിന്റെ യൂട്യൂബ് ലിങ്കും വേണുഗോപാൽ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത് 2018 സെപ്റ്റംബർ 25നായിരുന്നു. ഒക്ടോബർ രണ്ടിനായിരുന്നു അദ്ദേഹം മരിച്ചത്.