കേവലം അഞ്ച് രൂപ മാത്രം വിലയുള്ള പലഹാരം വാങ്ങിത്തരാന്‍ ആവശ്യപ്പെട്ട് വാവിട്ട് കരഞ്ഞ 20 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയില്‍ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം. മുംബൈയില്‍ നിന്നും 900 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ലോനാര ഗ്രാമത്തില്‍ നടന്ന ക്രൂരകൃത്യത്തില്‍ 28കാരനായ വിവേക് അറസ്റ്റിലായി.
മാതാവിനോട് ഗോതമ്പ് ഉപയോഗിച്ച് തയാറാക്കുന്ന ‘ഖാജ’ എന്ന പലഹാരം വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ട് കുഞ്ഞ് കരയുകയായിരുന്നു.ഇതേത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനോട് അഞ്ച് രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി കുഞ്ഞിന്‍റെ തല വാതിലില്‍ തുടര്‍ച്ചയായി ഇടിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.മാതാവ് മര്‍ദ്ദനം തടയാന്‍ ശ്രമിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
തലക്കും മറ്റ് ശരീര ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.മാതാവാണ് സംഭവം പൊലീസില്‍ അറിയിച്ചത്. മാതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2018ലാണ് ഇരുവരും വിവാഹിതരായത്. പ്രതി മദ്യലഹരിയില്‍ നിരന്തരം മര്‍ദ്ദനത്തതിനിരയാക്കിയതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവതി 2019ലാണ് തിരിച്ചെത്തിയത്.