മലയാള സിനിമയിലെ മിന്നും താരമാണ് ഫഹദ് ഫാസിൽ. 2002 ൽ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരം പിന്നീട് ഒരു ഇടവേള എടുത്തിരുന്നു. 2009 ൽ കേരളം കഫെ എന്ന ചിത്രത്തിലൂടെ തിരികെ എത്തുകയിരുന്നു. പിന്നീട് നിരവധിചിത്രങ്ങളിലൂടെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തി. ഇപ്പോഴിതാ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനേയും മമ്മൂക്കയേയും കുറിച്ചും വാചാലനായി നടന്‍ ഫഹദ് ഫാസില്‍.
ഇരുവരുടെയും ഹീറോയിക് കഥാപാത്രങ്ങള്‍ കണ്ട് തനിക്ക് കൊതിതീര്‍ന്നിട്ടില്ലെന്നും ഇനിയും അവര്‍ക്ക് ഏറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഉണ്ടെന്നും ഫഹദ് പറഞ്ഞു.
ഹിന്ദിയില്‍ അമിതാഭ് ബച്ചനെ പോലുള്ള നടന്മാരൊക്കെ ഹീറോയിസം വിട്ട് കുറച്ചുകൂടി മീനിങ്ങ്ഫുള്‍ ആയിട്ടുള്ള റോളുകളിലേക്ക് മാറി. മലയാളത്തില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അത്തരം റോളുകളില്‍ കാണാന്‍ സമയമായി എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഫഹദിന്റെ മറുപടി.
മമ്മൂക്ക തന്നെ എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഞാനും ദുല്‍ഖറും കൂടി ഇരിക്കുമ്പോഴായിരുന്നു അത്. എല്ലാവര്‍ക്കും ഇവിടെ സ്‌പേസ് ഉണ്ട്. നീയൊക്കെ നോക്കിയും കണ്ടും നിന്നാല്‍ ഇവിടെ നില്‍ക്കാം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. അതാണ് അതിന്റെ സത്യവും. ഇവിടെ എല്ലാവര്‍ക്കും സ്‌പേസ് ഉണ്ടെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്, ഫഹദ് കൂട്ടിച്ചേര്‍ത്തു .