നടൻ ഫഹദ് ഫാസിലിന് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളിൽ നിന്ന് വീണ് പരുക്കേറ്റു. വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിൽ ആണ് പരുക്കേറ്റത്. മലയൻകുഞ്ഞ് എന്ന സിനിമയ്ക്ക് വേണ്ടിയുള്ളതായിരുന്നു ചിത്രീകരണം.
ഫഹദ് ഫാസിൽ ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വീഴ്ചയിൽ ഉണ്ടായ ചെറിയ വേദനകൾ അല്ലാതെ മറ്റു കുഴപ്പങ്ങൾ ഒന്നും അദ്ദേഹത്തിനില്ലെന്ന് അടുത്ത സുഹൃത്തുക്കൾ അറിയിച്ചു. താരം വീണത് ചിത്രീകരണത്തിനായി നിർമ്മിച്ച വീടിനു മുകളിൽ നിന്നാണ്. വളരെ നിസാരമായ പരുക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.
ഷൂട്ടിങ്ങിന് ഈ സംഭവത്തെ തുടർന്ന് ഒരു ഇടവേള നൽകിയിരിക്കുകയാണന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ രംഗങ്ങൾ എടുത്തുകൊണ്ടിരിക്കുന്നത് ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തിൽ സെറ്റിട്ടുകൊണ്ടാണ്. സജിമോൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. മഹേഷ് നാരായണന്റെ തിരക്കഥയിൽ ഒരുങ്ങുന്ന മലയൻകുഞ്ഞിന്റെ നിർമാതാവ് ഫാസിലാണ്.