മലയാളത്തിന്റെ നാച്വറല്‍ ആക്ടിങ് കിങ് ഫഹദ് ഫാസില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന പുഷ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ വില്ലനായി എത്തുന്നു. ടോളിവുഡിനും മോളിവുഡിനും വളരെ അധികം പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയായിരുന്നു അത്. ഇപ്പോൾ മലയാളികളുൾപ്പെടെയുള്ള സിനിമാ പ്രേമികള്‍ പുഷ്പ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.
രണ്ടാം തവണയാണ് ഫഹദ് ഫാസില്‍ അന്യഭാഷാ ചിത്രങ്ങളില്‍ വില്ലനായി അഭിനയിക്കാനായി പോകുന്നത്. ഫഹദ് നേരത്തെ ശിവകാര്‍ത്തികേയന്റെ വില്ലനായി വേലൈക്കാരന്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ എന്തുകൊണ്ട് പുഷ്പ എന്ന ചിത്രം ചെയ്യുന്നു എന്നതിനെ കുറിച്ച് ഫഹദ് സംസാരിച്ചിരുന്നു. എനിയ്ക്ക് സംവിധായകന്‍ സുകുമാര്‍ തിരക്കഥ പറഞ്ഞു കേള്‍പ്പിച്ച രീതി വളരെ ഇഷ്ടപ്പെട്ടിരുന്നു. മാത്രമല്ല സുകുമാറിന്റെ സംവിധാന മികവിലും അദ്ദേഹത്തിന്റെ രംഗസ്ഥലം എന്ന ചിത്രം കണ്ടതോടെ ഞാന്‍ ആകൃഷ്ടനായിരുന്നു. അതിനൊക്കെ അപ്പുറം ഞാനിതുവരെ ചെയ്യാത്ത തരം വ്യത്യസ്തമായ കഥാപാത്രമാണ് പുഷ്പയില്‍ എനിക്ക് നല്‍കിയത് എന്നും ഫഹദ് ഫാസില്‍ പറഞ്ഞു.
പുഷ്പ എന്ന ചിത്രം പറയുന്നത് ആന്ധ്രാപ്രദേശില്‍ നടക്കുന്ന കള്ളക്കടത്തിനെ കുറിച്ചും മറ്റുമാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് രാശ്മിക മന്ദാനയാണ്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ കന്നട നടന്‍ ധനന്‍ജയ് അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ പ്രകാശ് രാജ്, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനീഷ് കുരുവിള എന്നിവരാണ്.