ഫഹദിനെ കുറിച്ചുള്ള ആ വാർത്ത അടിസ്ഥാന രഹിതം! നിലപാട് വ്യക്തമാക്കി ഫിയോക്ക്.

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ലോകം ഒട്ടാകെ അലയടിക്കുവാണ്. അത് നമ്മുടെ ചലച്ചിത്രമേഖലയിലും ബാധിച്ചിരുന്നു. തിയേറ്റർ അടഞ്ഞു കിടന്ന സാഹചര്യത്തിലാണ് മലയാള സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് ചേക്കേറിയത്. മോഹൻലാൽ ചിത്രം ദൃശ്യം 2 ഉൾപ്പടെ ഒ.ടി.ടി റിലീസായി എത്തിയിരുന്നു. ഇപ്പോൾ ഫഹദ് ഫാസിലുമായൊരു വിവാദമാണ് തലപൊക്കിയിരിക്കുന്നത്. ഒ.ടി.ടി സിനിമകളുമായി സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് തിയറ്റര്‍ സംഘടനയായ ഫിയോക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങള്‍ ഫഹദ് ഫാസിലിന്റേതായി ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇതിന്റെ വിശദീകരണം അറിയുന്നതിനായി ഫഹദിനെ ഫോണില്‍ ബന്ധപ്പെട്ടിരിന്നുവെന്നും രണ്ട് ചിത്രങ്ങളും ലോക്ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ഫിയോക് അംഗങ്ങള്‍ പറഞ്ഞു. മാത്രമല്ല ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നല്‍കിയതായും ഇവര്‍ അറിയിച്ചു.

ഫഹദിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മാലിക് മെയ് മാസത്തില്‍ തിയറ്റര്‍ റിലീസ് ആയി പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. സീ യു സൂണ്‍, ടേക്ക് ഓഫ് എന്നീ ചിത്രങ്ങള്‍ക്കും ശേഷം മഹേഷും ഫഹദും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ ദിവസങ്ങളിലായി ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോള്‍ ജോജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

Related posts