BY AISWARYA
സോഷ്യല്‍ മീഡിയയില്‍ നടി ദുര്‍ഗ കൃഷ്ണയ്ക്കും ഭര്‍ത്താവിനും നേരെ രൂക്ഷ വിമര്‍ശനമാണ്ഇപ്പോള്‍ ഉയരുന്നത്.കുടുക്ക് 2025 എന്ന ചിത്രത്തിലെ ദുര്‍ഗ്ഗയുടെ ലിപ് ലോക്ക് രംഗമാണ് ഈ വിമര്‍ശനങ്ങള്‍ക്കു കാരണം. ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെയാണ് ലിപ് ലോക്ക് ചെയ്തത് എന്ന് ദുര്‍ഗ്ഗ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടിക്കും ഭര്‍ത്താവിനും നേരെ മോശം കമന്റുകള്‍ ഉയര്‍ന്നത്. ദുര്‍ഗയുടെ ഭര്‍ത്താവിന് നാണമില്ലേ, നട്ടെല്ല് ഇല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു വന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് ദുര്‍ഗ്ഗ എത്തിയിരിക്കുകയാണ്.ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ എത്തിയാണ് തനിക്ക് നേരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് ദുര്‍ഗ്ഗ മറുപടി നല്‍കിയത്. എന്തുകൊണ്ടാണ് നായികമാര്‍ക്ക് നേരെ മാത്രം ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടാവുന്നത് എന്നാണ് നടി ചോദിക്കുന്നത്. ലിപ് ലോക്ക് എന്ന തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താരം പറയുന്നതിങ്ങനെ..
‘
വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുമായി സംസാരിക്കാന്‍ വേണ്ടിയാണ് ഷൂട്ട് കഴിഞ്ഞ് ഒന്ന് ഫ്രഷ് ആവുക പോലും ചെയ്യാതെ ലൈവില്‍ വന്നിരിക്കുന്നത്. കുടുക്ക് 2025 എന്ന എന്റെ സിനിമയില്‍ ഒരു പാട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നു. ആ പാട്ടിന്റെ അവസാനം ലിപ് ലോക്ക് രംഗങ്ങളുണ്ട്. അതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന പ്രധാന സംഭവം എന്ന നിലയിലാണ് ചിലരുടെ പ്രതികരണങ്ങള്‍. എന്നാല്‍ ആ അഭിമുഖത്തിന് ശേഷം എന്നെ പിന്തുണച്ച എന്റെ ഭര്‍ത്താവ് നാണമില്ലാത്തവനും, എനിക്കൊപ്പം ലിപ് ലോക്ക് ചെയ്ത നടന്റെ ഭാര്യ, വളരെ പിന്തുണയുള്ള പങ്കാളിയും എന്ന തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്.
അതെന്താണ് അങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞങ്ങള്‍ രണ്ട് പേരും ചെയ്ത കാര്യം ഒന്ന് തന്നെയാണ്. എനിക്ക് ഒറ്റയ്ക്ക് ലിപ് ലോക്ക് ചെയ്യാനും പറ്റില്ല. പക്ഷെ വിമര്‍ശനങ്ങള്‍ എനിക്ക് മാത്രം.ഞാനും എന്റെ ഭര്‍ത്താവ് അര്‍ജ്ജുനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് വളരെ മോശമായ കമന്റു വന്നു. അത് ഞാന്‍ സ്റ്റോറിയായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നിന്റെ ഭര്‍ത്താവിന് നട്ടെല്ല് ഇല്ലേ എന്നായിരുന്നു കമന്റ്. പിന്നീട് കുറേ ക്ഷമ പറഞ്ഞു. ആ സ്റ്റോറി ഡിലീറ്റ് ചെയ്യണമെന്നൊക്കെ ആ കുട്ടി പറഞ്ഞു. അഭിപ്രായ സ്വാതന്ത്രം എല്ലാവര്‍ക്കും ഉണ്ടല്ലോ എന്നൊക്കെയാണ് പറയുന്നത്. ശരിയാണ് അഭിപ്രായ സ്വാതന്ത്രം എല്ലാവര്‍ക്കും ഉണ്ട്, എന്റെ സിനിമ നന്നായില്ലെങ്കില്‍ നിങ്ങള്‍ക്ക് അത് പറയാം, ആ രംഗം ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ക്ക് കാണാതിരിക്കാം. പക്ഷെ എന്റെ സ്വകാര്യ ജീവിതത്തില്‍ കയറി ചൊറിയേണ്ട ആവശ്യം ഇല്ല.
ഞാന്‍ എന്താണെന്നും എന്റെ തൊഴിലിനെ കുറിച്ചും എന്റെ ഭര്‍ത്താവിന് നന്നായി അറിയാം.കൂടാതെ ഈ സിനിമയും ആ രംഗവും ഞാന്‍ ചെയ്തത് എന്റെ കല്യാണത്തിന് മുന്‍പ് ആണ്. അതും അദ്ദേഹത്തിന്റെ സപ്പോര്‍ട്ടോടുകൂടെ തന്നെ. കല്യാണം കഴിച്ചു എന്ന് കരുതി ഞാന്‍ എന്റെ തൊഴിലിന് പരിതികള്‍ നിശ്ചയിക്കണം എന്ന നിബന്ധന അദ്ദേഹത്തിന് ഇല്ല. ആ അഭിമുഖത്തിന് ശേഷം എന്റെ ലിപ് ലോക്കിന്റെ പേരില്‍ തെറി വിളി കേള്‍ക്കുന്നത് എന്റെ ഭര്‍ത്താവാണ്. കല്യാണത്തിന് മുന്‍പ് ആയിരുന്നു ഈ രംഗം എങ്കില്‍ ആ തെറി എന്റെ അച്ഛനും അമ്മയും കേള്‍ക്കേണ്ടി വരുമായിരുന്നു. മലയാള സിനിമയിലെ സ്ത്രീകള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ പാടില്ല എന്നാണോ. എന്തുകൊണ്ട് നായികമാര്‍ക്ക് നേരെ മാത്രം ഇത്തരം ആക്രമണങ്ങള്‍ വരുന്നത്.
ഈ കമന്റുകള്‍ എന്നെയോ എന്റെ ഭര്‍ത്താവിനെയോ ബാധിയ്ക്കുന്നില്ല. കമന്റ് എഴുതിയ ആളും പിന്നീട് വന്ന് സോറി പറയുകയും വീട്ടുകാര്‍ കാണുമെന്നൊക്കെ പറയുകയും ചെയ്തിരുന്നു. ആ സ്റ്റോറി ഡിലീറ്റ് ചെയ്തു കളയാന്‍ അര്‍ജ്ജുനും എന്നോട് പറഞ്ഞിരുന്നു. പക്ഷെ ഞങ്ങള്‍ക്കുമില്ലേ കുടുംബം. അര്‍ജ്ജുന്റെ സഹോദരങ്ങളും ഇത്തരം കമന്റുകള്‍ കാണുന്നില്ലേ. ഒരു കാര്യവും ഇല്ലാതെ തന്റെ മകനേയും സഹോദരനേയും ഇത്തരത്തില്‍ നാണമില്ലാത്തവന്‍ നട്ടെല്ല് ഇല്ലാത്തവന്‍ എന്നൊക്കെ വിളിച്ചാല്‍ അവര്‍ക്കും വിഷമം തോന്നില്ലേ. ചുരുക്കത്തില്‍ എന്നെയോ എന്റെ ഭര്‍ത്താവിനെയോ കുടുംബത്തിനെയോ മോശമായി ചിത്രീകരിച്ചു കൊണ്ട് കമന്റുകള്‍ ഇടേണ്ടതില്ല. നിങ്ങളുടെ കമന്റുകള്‍ കൊണ്ട് ഞങ്ങളുടെ കുടുംബ ജീവിതത്തിന് യാതൊരു പ്രശ്നവും ഇല്ല. പക്ഷെ നാണമില്ലേ, നട്ടെല്ല് ഇല്ലേ എന്നൊക്കെയുള്ള ചോദ്യം അത്ര സുഖിയ്ക്കുന്നില്ല. സന്തോഷത്തോടെ പോകുന്ന എന്റെ കുടുംബ ജീവിതത്തില്‍ കയറി ആരും ചൊറിയേണ്ട. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ എന്നെ ഫോളോ ചെയ്യേണ്ടതില്ല.. എന്റെ സിനിമകളും കാണേണ്ട’ ദുര്‍ഗ്ഗ ലൈവില്‍ പറയുന്നു.