ദുൽഖർ സൽമാൻ മലയാള സിനിമയിലെ യുവ താരങ്ങളിൽ ഏറെ ശ്രദ്ധേയനായ താരമാണ്. മമ്മൂട്ടിയുടെ മകനായ താരം ഇന്ന് മലയാള സിനിമയിൽ തന്നെ ഏറെ ആരാധകർ ഉള്ള യുവതാരങ്ങളിൽ ഒരാളാണ്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരം, ഉസ്താദ് ഹോട്ടൽ, ചാർളി, മഹനടി തുടങ്ങി ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു.
സുൽഫത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം കുറിപ്പ് പങ്കുവെച്ചത്. ഉമ്മയുടെ ദിനം ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്നും പക്ഷേ ഉമ്മ ഈ ഒരു ദിവസം മാത്രമെ അനുവദിക്കുകയുള്ളു എന്നും നടൻ പറഞ്ഞു. സുൽഫത്തിനൊപ്പമുള്ള ചിത്രവും ദുൽഖർ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ആശംസകൾ ഉമ്മ.. ഉമ്മിച്ചിയുടെ പിറന്നാൾ ആഘോഷങ്ങളിലാണ് ഞങ്ങളുടെ വീട്ടിലെ ”കേക്ക് വീക്ക്” തുടങ്ങുന്നത്. വീട്ടിൽ എല്ലാവരും ഒന്നിച്ചുണ്ടെന്നുള്ള ഉറപ്പു വരുത്തുന്ന സമയം. മക്കളും പേരക്കുട്ടികളും ഒപ്പമുള്ള എല്ലാ വർഷങ്ങളിലെയും ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിത്.
ഞങ്ങൾക്കായി ഉമ്മ വീട് ഒരുക്കുകയും ഞങ്ങൾക്കിഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കുകയും ചെയ്യുന്നു. സത്യത്തിൽ ഞങ്ങളെ എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്. ഉമ്മയുടെ ഈ ദിനം ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ല. പക്ഷേ ഉമ്മ ഈ ഒരു ദിവസം മാത്രമെ അതിനനുവദിക്കൂ എന്നതാണ് സത്യം. ഉമ്മയ്ക്ക് ഇത്തരം കാര്യങ്ങൾ ഇഷ്ടമല്ലെങ്കിലും ഈ ദിനം ഞാൻ നഷ്ടപ്പെടുത്തുന്നില്ല. പിറന്നാൾ ആശംസകൾ ഉമ്മ, ദുൽഖർ കുറിച്ചു.