ഏഴു വർഷങ്ങൾക്ക് മുൻപ് ഒരു ഡിസംബറിൽ മലയാള സിനിമയുടെ തന്നെ തലവര മാറ്റിയ ഒരു ചലച്ചിത്രം ഇറങ്ങി. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ദൃശ്യം. മലയാളത്തിലെ ആദ്യത്തെ അൻപതുകോടി നേടുന്ന ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കി ദൃശ്യം തന്റെ വരവറിയിച്ചു. പിന്നീട് നടന്നത് ചരിത്രമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുമുള്ള ഒരു കൊച്ചു സിനിമയുടെ ഖ്യാതി അങ്ങ് ചൈന വരെ വ്യാപിച്ചു. ചൈനീസ് ഭാഷയിലേക്ക് ദൃശ്യം റീമേക്ക് ചെയ്യുകയും ആ വർഷത്തെ ടോപ് ടെൻ ചിത്രങ്ങളിൽ ഒന്നായി സ്ഥാനം നേടുകയും ചെയ്തു. വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം അതാത് ഇൻഡസ്ട്രികളിലെ മികച്ച ചിത്രമായി മാറുകയും ചെയ്തു.
എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ചു ദൃശ്യം ഹോളിവുഡിലേക്കും ചേക്കേറുന്നു എന്നാണ്. സംവിധായകൻ ജിത്തു ജോസഫ് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോളിവുഡിൽ നിന്നും ഒരാൾ തന്നെ ബന്ധപ്പെട്ടെന്നും ദൃശ്യം ഹോളിവുഡിലേക്ക് എടുക്കണം എന്നും അതിന്റെ സാധ്യതകളെ കുറിച്ചും അറിയാനാണ് ഇന്ത്യക്കാരൻ ആയ വ്യക്തി തന്നെ ബന്ധപ്പെട്ടതെന്നും ജിത്തു വ്യക്തമാക്കി. അദ്ദേഹം ആവശ്യപെട്ടതനുസരിച്ചു ഇംഗ്ലീഷിൽ തയ്യാറാക്കിയ തിരക്കഥ അയച്ചു നൽകിയെന്നും ജിത്തു വ്യക്തമാക്കി.
ഓസ്കാർ അവാർഡ് ജേതാവായ ഹിലരി സ്വാങ്കാണ് മോഹൻലാൽ ചെയ്ത ഭാഗം ചെയ്യാൻ ഉദ്ദേശിക്കുന്നത്.നായകന് പകരം നായിക പ്രധാന്യത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മില്യൺ ഡോളർ ബേബി എന്ന ക്ലിന്റ് ഈസ്റ്റ് വുഡ് ചിത്രത്തിലെ അഭിനേതാവാണ് ഹിലരി സ്വാങ്ക്. ഈ മാസം പത്തൊന്പതിന് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഓ ടി ടി റിലീസായി എത്തുകയാണ്. ആദ്യഭാഗത്തിന്റെ തുടർച്ചയെന്നോണം ആണ് രണ്ടാം ഭാഗവും.എന്നാൽ ഇതൊരു ത്രില്ലർ സിനിമയല്ല പകരം ഒരു ഫാമിലി ഇമോഷണൽ ഡ്രാമയായിരിക്കും എന്നാണ് സംവിധായകൻ ജിത്തു ജോസഫ് പറയുന്നത്.