ഭാര്യയ്ക്ക് ഞാൻ ആർക്കൊപ്പം അഭിനയിച്ചാലും പ്രശ്‌നമല്ല! ഡോക്ടർ ഷാജു പറയുന്നു!

ഷാജു സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീയങ്കരനായി മാറിയ താരമാണ്. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് സീരിയലിൽ തന്റെ സാന്നിധ്യം അറിയിച്ച ഷാജു ഒരു ഡോക്ടർ കൂടിയാണ്. മിന്നുകെട്ട് എന്ന പരമ്പരയിലെ ഷാജുവിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ഇപ്പോൾ അഭിനയിക്കുന്നത് കുടുംബവിളക് സീരിയലിൽ ആണ്. സുമിത്ര എന്ന കഥാപാത്രത്തിന്റെ സുഹൃത്തായി ആണ് ഷാജു എത്തുന്നത്. ഒരു നടൻ മാത്രമല്ല ഷാജു. മികച്ച ഒരു നിർമ്മാതാവ് കൂടിയാണ് താരം. തന്റെ കുടുംബത്തെപ്പറ്റിയും പ്രണയത്തെ കുറിച്ചും ഷാജു തുറന്നു പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. വാക്കുകളിങ്ങനെ, സേലത്തെ ഒരു കോളേജിലാണ് ഞാൻ ബിഡിഎസ് ചെയ്തത്. ഞാൻ അവിടെ ചെല്ലുമ്പോൾ എംജി കോളേജിൽ എന്റെ ജൂനിയേഴ്‌സ് ആയി പഠിച്ചവർ നേരത്തെ അവിടെ പോയിചേർന്നത് കാരണം അവിടെ അവർ എന്റെ സീനിയേഴ്‌സ് ആയി.

അന്ന് റാഗിങിന്റെ ബേസിക് കാര്യം മീശ എടുപ്പിക്കലാണ്. എനിക്ക് അന്ന് നല്ല കട്ടിയുള്ള മീശ ഉണ്ടായിരുന്നു. നാളെ വരുമ്പോൾ എല്ലാവരും മീശ എടുക്കണം എന്നായിരുന്നു റാഗിങ്. പിറ്റേ ദിവസം എല്ലാവരും മീശ എടുത്തു കളഞ്ഞു. ഞാനും എന്റെ ഒരു സുഹൃത്തും മാത്രം എടുക്കാതെ വന്നു. അപ്പോഴാണ് നമ്മുടെ തൊട്ടടുത്ത സീനിയർ ബാച്ചിലെ കുറച്ച് പെൺകുട്ടികൾ വരുന്നത്. അതിലൊരു പെൺകുട്ടി, ‘എന്താണ് മീശ എടുക്കാൻ പ്രയാസം, ഡിഗ്രിയൊക്കെ എടുത്തതിന്റെ ജാഡയാണോ, നാളെ വരുമ്പോൾ മീശ കാണരുത് എന്ന് പറഞ്ഞ് വിരട്ടിയിട്ട് പോയി. പിറ്റേന്നും ഞാൻ മീശ എടുത്തില്ല. അന്നേ ഞാൻ ആ പെൺകുട്ടിയെ ശ്രദ്ധിച്ചിരുന്നു. പിന്നീട് ഞങ്ങൾ സുഹൃത്തുക്കളായി എങ്കിലും എനിക്ക് അവളോട് ഒരു ദേഷ്യം ഉണ്ടായിരുന്നു. ഫൈനൽ ഇയർ കഴിഞ്ഞ് ഹൗസർജൻസി ആയപ്പോൾ ഞങ്ങൾക്ക് രണ്ട് പേർക്കും ഒരേ ഡിപ്പാർട്‌മെന്റിൽ പോസ്റ്റിങ് കിട്ടി. ആ സമയത്ത് ആണ് ഞങ്ങൾ ശരിയ്ക്കും സംസാരിക്കുന്നത്. നല്ല സുഹൃത്തുക്കളായിരുന്നു. അതിനപ്പുറത്ത് പ്രണയം ഒന്നും ഉണ്ടായിരുന്നില്ല.

ഹൗസർജ്ജൻസി കഴിഞ്ഞു ഞാൻ തിരിച്ച് നാട്ടിലേക്ക് വന്നു. അവളും അവളുടെ നാട്ടിലേക്ക് പോയി. ഇടയ്ക്ക് വിളിക്കുകയൊക്കെ ചെയ്യുമായിരുന്നു. പിന്നെ കല്യാണത്തിന്റെ സമയമായപ്പോൾ എനിക്ക് തോന്നി, ഞങ്ങൾ രണ്ട് പേരും നല്ല വേവ്‌ലങ്ത്ത് ആണ്. നല്ല ഒരു സുഹൃത്തിനെ തന്നെ വിവാഹം ചെയ്യുന്നതല്ലേ നല്ലത് എന്നൊക്കെ ഞാൻ ആലോചിച്ചു. അങ്ങനെ ഞാൻ പ്രപ്പോസ് ചെയ്തു. പക്ഷെ എല്ലാം റിസ്‌ക് ആയിരുന്നു, കാരണം രണ്ട് പേരും രണ്ട് മതത്തിൽ പെട്ടവരാണ്. എന്റെ വീട്ടിൽ വലിയ രീതിയിലുള്ള പ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നുവെങ്കിലും പുള്ളിക്കാരിയുടെ വീട്ടിൽ ചെറിയ ചില ഇഷ്യൂസ് എല്ലാം ഉണ്ടായിരുന്നു. പിന്നെ രണ്ട് കൂട്ടർക്കും ഓകെയായി. സത്യത്തിൽ നല്ല സുഹൃത്തുക്കൾ തമ്മിൽ ഓന്നിക്കുകയായിരുന്നു.

ഇപ്പോൾ മകളുടെ മുന്നിൽ വച്ച് ഭാര്യയോട് റൊമാൻസ് ചെയ്യാനൊന്നും പറ്റില്ല. മകൾ ഒറ്റ ആളാണ്. ഞങ്ങളോടൊപ്പം തന്നെയാണ് കിടക്കുന്നത്. പതിമൂന്ന് വയസ്സ് ആയിട്ടേയുള്ളൂ. ഭാര്യയോട് എന്തെങ്കിലും പറഞ്ഞാൽ, അതെന്താണ് എന്ന് അവളോടും പറയണം. അല്ലെങ്കിൽ സങ്കടമാവും. സീരിയലുകളിൽ തന്നെ എനിക്ക് മകളായി അഭിനയിക്കുന്ന കുഞ്ഞുങ്ങളെ വാവേ എന്ന് വിളിച്ചാലൊക്കെ അവൾക്ക് പ്രശ്‌നമാണ്. അപ്പോൾ ആ സീൻ നോക്കാതെ തിരിഞ്ഞിരുന്ന് കളയും. പക്ഷെ ഭാര്യയ്ക്ക് ഞാൻ ആർക്കൊപ്പം അഭിനയിച്ചാലും പ്രശ്‌നമല്ല. അതെല്ലാം ജോലിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുന്ന ആളെയാണ് എനിക്ക് കിട്ടിയത്. എവിടെ പോയാലും ഞാൻ അഭിമാനത്തോടെ പറയുന്ന കാര്യമാണത്. എവിടെയാ എന്താ എന്നൊക്കെ ഇടയ്ക്കിടെ വിളിച്ച് ചോദിയ്ക്കില്ല, ജോലിയ്ക്ക് പോയതാണ് എന്നും തിരിച്ച് വീട്ടിലെത്തും എന്നും അവൾക്ക് അറിയാം എന്ന് ഡോ ഷാജു പറഞ്ഞു.

Related posts