പറവ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത് അമൽ ഷാ, ഗോവിന്ദ് വി. പൈ ഷെയിൻ നിഗം, ദുൽഖർ സൽമാൻ എന്നിവരെ നായകന്മാരാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു. 2017ൽ പുറത്തിറങ്ങിയ ചിത്രം വലിയ ഹിറ്റ് ആയി മാറിയിരുന്നു. വീണ്ടും ദുൽഖറിനെ നായകനാക്കി സിനിമ ചെയ്യാൻ ഒരുങ്ങുകയാണ് സൗബിൻ. പറവക്ക് ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുകയാണ്. ഇമ്രാന്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത പറവയില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചത്. ഒരു അഭിമുഖത്തിലാണ് തൻ്റെ പുതിയ സംവിധാന സംരംഭത്തെ പറ്റി സൗബിൻ തുറന്ന് പറഞ്ഞത്. സൗബിൻ ചിത്രത്തിൻ്റെ പ്രമേയത്തെ പറ്റിയോ ദുൽഖറിന്റെ കഥാപാത്രത്തെ പറ്റിയോ കൂടുതൽ ഒന്നും തന്നെ പറഞ്ഞില്ല.
ദുല്‍ഖർ നായകനായി വരാൻ പോകുന്ന അടുത്ത സിനിമ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാനത്തിലുള്ളതാണ്. അഭിലാഷ് ജോഷി സംവിധായകന്‍ വികെ പ്രകാശിന്റെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രമാണ് അഭിലാഷ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് ത്രില്ലറായ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടിലാണ് ദുൽഖർ ഇപ്പോൾ വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കൊല്ലം, തിരുവനന്തപുരം, കാസര്‍ഗോഡ് എന്നിവിടങ്ങളിലായി പുരോഗമിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് അരവിന്ദ് എന്ന എസ് ഐയുടെ വേഷത്തിലാണ്. ചിത്രത്തിൻ്റെ ടീസർ കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു.
താരത്തിൻ്റെ സിനിമകൾ മലയാളത്തിലെന്നപോലെ തെലുങ്കിലും ബോളിവുഡിലും പുരോഗമിക്കുകയാണ്. തെലുങ്കില്‍ ഹാനു രാഘവപുടി സംവിധാനം ചെയ്യുന്ന പീരിഡ് ഡ്രാമ ചിത്രത്തിലും ബോളിവുഡില്‍ ബാല്‍ക്കി ഒരുക്കുന്ന അടുത്ത സിനിമയിലും ദുല്‍ഖര്‍ സൽമാൻ അഭിനയിക്കുന്നുണ്ട്. ദുല്‍ഖർ സൽമാൻ്റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് ആണ്.