നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയും തങ്ങളുടെ പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ദുല്‍ഖറും അമാലും 2011 ഡിസംബര്‍ 22ന് ആയിരുന്നു വിവാഹിതര്‍ ആയത്. ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് വിവാഹ വാര്‍ഷികാഘോഷ വേളയില്‍ രംഗത്ത് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. ഒരു കപ്പലിലെ യാത്രയായി ജീവിതത്തെ സങ്കല്‍പിച്ചാണ് ദുല്‍ഖറിന്റെ കുറിപ്പ്.
ഒരുമിച്ച് ഒരു പതിറ്റാണ്ട്. ഇരുപതുകളിലെന്നോ തുടങ്ങിയ യാത്ര, ദിശയില്ലാത്ത ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രം. പലപ്പോഴും എതിരെ വരുന്ന തിരമാലകളെയും കാറ്റിനേയും നേരിട്ട് ആടിയുലയുമ്പോള്‍ പരസ്പരം മുറുകെ പിടിച്ച്, മഹാശാന്തതയിലും സെന്‍ കണ്ടെത്തി. ഞങ്ങള്‍ ജീവിക്കുന്ന ജീവിതത്തെ സൃഷ്ടിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ കൈയില്‍ ഒരു ദിശാസൂചികയുണ്ട്. വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ച് യാത്ര തുടരുന്നു,
ഇപ്പോഴും പുതിയ ഭൂമികകള്‍ തിരയുന്നു, ഇനിയും കാണാനേറെ. ഒരു പതിറ്റാണ്ടിനിപ്പുറം ഈ കപ്പല്‍ ശക്തമാണ്. ഇനിയും നീളമേറിയ യാത്ര മുന്നിലുണ്ട്. നമ്മുടെ മാലാഖയുമൊത്ത് സുരക്ഷിതമാവാനുള്ള ഒരു കാക്കക്കൂടിനായി, ഒരു ഭൂമിക നാം കണ്ടെത്തും, തീര്‍ച്ച, എന്നെന്നേക്കും ഒന്നിച്ച്. എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അമാലിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്.