BY AISWARYA
നീണ്ട ആറുമാസത്തെ ഇടവേളയ്ക്കു ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍, പുതിയൊരു ആവശ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് സിനിമകളെ മാറ്റിയവരുടെ ചിത്രങ്ങള്‍ തിയേറ്ററില്‍ ഇനി പ്രദര്‍ശിപ്പിക്കേണ്ട എന്നായിരുന്നു ഇവരുടെ ആവശ്യം. നടന്‍ പൃഥ്വിരാജിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും വിലക്ക് എന്ന തരത്തിലും വാര്‍ത്തകളുണ്ടായി. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിരിക്കുകയാണ് യുവ സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ.
‘ഒരു നടനെ എങ്ങിനെ ആണ് വിലക്കാന്‍ കഴിയുക? ആര്‍ക്കും ഒരു നടനെയോ, നടന്റെ ചിത്രങ്ങളെയോ വിലക്കാന്‍ കഴിയില്ല. തീയേറ്ററുകളില്‍ സിനിമ എന്ന കലാരൂപം ആസ്വദിക്കുന്നവരാണ് നാമോരോരുത്തരും എന്നതില്‍ സംശയമില്ല. തീയേറ്ററിലെ ഇരുട്ടില്‍ ഒരുകൂട്ടം സിനിമ പ്രേമികളുടെ കൂടെ സിനിമ ആസ്വദിക്കുന്നതിന്റെ അത്രയും വരില്ലെങ്കിലും, അത് പോലെ തന്നെ ലോകത്തെവിടെ ഇരുന്നും, നാം ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ചു സിനിമകള്‍ കാണാന്‍ പറ്റിയ പ്ലാറ്റ്‌ഫോമുകളിലേയ്ക്ക് അതനുസരിച്ചുള്ള സിനിമകള്‍ വരുന്നതും നല്ല കാര്യമായിട്ട് തന്നെയാണ് തോന്നുന്നത്. ഇരുമേഖലകളും മുന്നോട്ട് വളരുകതന്നെ ചെയ്യും എന്നതില്‍ തര്‍ക്കമില്ല”, ഡോമിന്‍ ഡിസില്‍വ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.
ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. തിയേറ്റര്‍ തുറന്നാല്‍ ഒക്ടോബര്‍ 29 ന് കേരളത്തിലെ തീയേറ്ററുകളില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാവും ‘സ്റ്റാര്‍’. ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.