ഏറെ നാളായി റിലീസിന് കാത്തിരിയ്ക്കുകയാണ് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ഡോക്ടര്‍ എന്ന ചിത്രം. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ഡോക്ടറിന്റെ ചിത്രീകരണവും മറ്റും പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ചിത്രത്തിലേക്ക് കടക്കുകയും ചെയ്തു. ഇളയദളപതി വിജയ് നായകനാകുന്ന ചിത്രമാണ് ഇപ്പോൾ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങും കഴിഞ്ഞ് അടുത്ത ഘട്ട ഷൂട്ടിങിനുള്ള കാത്തിരിപ്പിലാണ്. എന്നാൽ ഇപ്പോഴും ഡോക്ടറുടെ റിലീസ് സംബന്ധിച്ച കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.
മാര്‍ച്ച് 26 ന് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു നേരത്തെ വന്നിരുന്ന വിവരം. എന്നാല്‍ ഇലക്ഷന്‍ കഴിയട്ടെ എന്നിട്ട് ആവാം എന്ന തീരുമാനത്തില്‍ റിലീസ് നീട്ടി വച്ചു. റംസാന് റിലീസ് ചെയ്യാം എന്നായിരുന്നു പിന്നെ എടുത്ത തീരുമാനം. അതും ഇപ്പോള്‍ അവതാളത്തിലാണ്. കൊവിഡ് 19 രണ്ടാം തരംഗത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ എല്ലാം വീണ്ടും അടച്ചിടാന്‍ പോവുകയാണ്. ഇനി സിനിമ എങ്ങിനെ റിലീസ് ചെയ്യും എന്ന ചോദ്യം ഉയരവെ പുതിയ കിംവദന്തികള്‍ പ്രചരിയ്ക്കുന്നു. ചിത്രം ഓടിടി റിലീസ് ആയിരിയ്ക്കും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ശിവകാര്‍ത്തികേയന്റെ എസ് കെ പ്രൊഡക്ഷന്‍സും കൊടപടി ജെ രാജേഷിന്റെ കെ ജെ ആര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ശിവകാര്‍ത്തികേയന്‍ ഇപ്പോഴും ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റുമോ എന്ന സാധ്യതകള്‍ നോക്കുകയാണ്. അതേ സമയം കെ ജെ ആര്‍ സ്റ്റുഡിയോ ഓ ടി ടി പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടത്തി എന്നും കേള്‍ക്കുന്നു. സിനിമ തിയേറ്റര്‍ റിലീസ് ആയിരിയ്ക്കുമോ ഓ ടി ടി റിലീസ് ആയിരിയ്ക്കുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.
പ്രിയങ്ക മോഹന്‍ എന്ന പുതുമുഖ നടിയാണ് സിനിമയില്‍ നായികയായി എത്തുന്നത്. വിനയ്, യോഗി ബാബു, ഇളവരസ്, അരുണ്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. രക്തം പുരണ്ട കൈയ്യില്‍ സര്‍ജ്ജിക്കല്‍ ബ്ലെയിഡുമായി ശിവകാര്‍ത്തികേയന്‍ ഇരിയ്ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ആക്ഷന്‍ കോമഡി ആയിരിക്കും ഡോക്ടര്‍ എന്ന ചിത്രം.