കൂറ്റൻ മുതലകളോടൊപ്പം പതിനഞ്ച് മിനിറ്റ് മരണത്തിന്റെ ഗുഹയിൽ ചിലവഴിക്കാൻ ധൈര്യമുണ്ടോ?

പതിനാറ് അടിയിലേറെ നീളമുള്ള കൂറ്റൻ മുതലകൾ വസിക്കുന്ന പൂളിൽ ഇറങ്ങാൻ ധൈര്യമുണ്ടോ? ആ കൂറ്റൻ മുതലകൾക്കൊപ്പം പതിനഞ്ചു മിനിറ്റോളം അവിടെ നിൽക്കണം. പേടിക്കാൻ വരട്ടെ, മുതലകൾക്കു നടുവിലേക്കു വെറുതേ ഇറങ്ങുകയല്ല. കട്ടിയും ഉറപ്പുമുള്ള, സുരക്ഷിതമായ ഒരു ചില്ലുകൂട്ടിലാണ് മുതലക്കുളത്തിലേക്കിറക്കുക. കൂർത്ത പല്ലുമായി അവ വാപിളർന്നു വരുന്നതു കണ്ടുനിൽക്കാനുള്ള ചങ്കുറപ്പുണ്ടെങ്കിൽ ഈ വിനോദത്തിനിറങ്ങാം.

വടക്കൻ ഓസ്ട്രേലിയയിലെ ഡാർവിനിലുള്ള ക്രൊക്കോസറസ് കോവാണ് ‘കേജ് ഓഫ് ഡെത്ത്’ എന്നു പേരുള്ള ഈ സാഹസിക വിനോദമൊരുക്കുന്നത്. 2008 ൽ തുറന്ന ക്രോക്കോസറസ് കോവ് ഓസ്ട്രേലിയൻ ഉരഗവർഗങ്ങളുടെ ഏറ്റവും വലിയ പ്രദർശന കേന്ദ്രമാണ്.പേരു സൂചിപ്പിക്കുന്നതുപോലെ, മരണം തൊട്ടു മുന്നിലെത്തിയെന്നു തോന്നുന്ന അനുഭവമാണ് ‘കേജ് ഓഫ് ഡെത്ത്’. കാരണം വെള്ളത്തിലിറങ്ങുന്ന സഞ്ചാരികൾക്കും ഭീമൻ മുതലകൾക്കുമിടയിലുള്ളത് ഒരു അക്രിലിക് ചില്ലു കൂട് മാത്രമാണ്.

ഭയാനകമെങ്കിലും ഇതിനായി നിരവധി സഞ്ചാരികൾ വർഷംതോറും ഇവിടെയെത്താറുണ്ട്. കണ്ടാല്‍ത്തന്നെ ഭയന്നുപോകുന്ന, കൂർത്ത പല്ലുകളുള്ള കൂറ്റന്‍ മുതലകൾ ചില്ലുകൂടിനുചുറ്റും നിറയും. പിന്നെ അവയുടെ പരാക്രമമായിരിക്കും. മുതലകളുടെ പല്ലുകൊണ്ടു പോറല്‍ വീണ ആ കൂട് കണ്ടാല്‍, തുടര്‍ന്ന് കയറാന്‍ നില്‍ക്കുന്നവര്‍ പുറകോട്ട് മാറിനിന്നില്ലെങ്കിലേ അദ്ഭുതമുളളു. അത്ര ഭീകരമാണ് ആ അവസ്ഥ.

Related posts