BY AISWARYA
ഗോസിപ്പുകോളങ്ങളിൽ അധികം ഇടം പിടിക്കാത്ത ആളാണ് തമിഴ് നടൻ ധനുഷ്. എന്നാൽ ഇപ്പോൾ ധനുഷും ഭാര്യയും സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളുമായ ഐശ്വര്യയും വേർപിരിയലിന്റെ വക്കിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്. സാമന്ത നാഗചൈതന്യ വേർപിരിയലിന് ശേഷം ആരാധകരെ ഞെട്ടിച്ച മറ്റൊരു വിവാഹമോചന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.കഴിഞ്ഞദിവസം ധനുഷും ഐശ്വര്യയും ചേർന്നാണ് വേർപിരിയുകയാണെന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
18 വർഷം നീണ്ട ദാമ്പത്യബന്ധമാണ് ഇ രുവരും അവസാനിപ്പിക്കുന്നത്. ധനുഷ് ട്വിറ്ററിലൂടെയും ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയുമാണ് ഇക്കാര്യം അറിയിച്ചത്.എന്നാൽ വിവാഹമോചനത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.
താരങ്ങളുടെ വാക്കുകൾ ഇങ്ങനെ… ‘സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം… വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ”. എന്ന് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2004 നവംബര്‍ 18നായിരുന്നു ഐശ്വര്യയും ധനുഷും തമ്മിൽ വിവാഹിതരായത്. ഇവർക്ക് യത്ര, ലിംഗ എന്നിങ്ങനെ രണ്ട് ആൺ മക്കളുണ്ട്.