ഞങ്ങളുടെ ഏറ്റവും മികച്ച ചിത്രം ഏതെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം! മനസ്സ് തുറന്ന് പ്രിയദർശൻ!

മലയാള സിനിമ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാളസിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ. കാലാപാനിയെന്ന സിനിമ കഴിഞ്ഞയുടന്‍ തന്നെ ഈ സിനിമ തങ്ങളുടെ മനസില്‍ ഉണ്ടായിരുന്നെന്നാണ് സംവിധായകൻ പ്രിയദര്‍ശന്‍ പറയുന്നത്. എന്നാല്‍ അന്നത്തെ കാലത്ത് മലയാളത്തില്‍ ഇങ്ങനെയൊരു സിനിമ സാധ്യമാകില്ലെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നെന്നും തന്റേയും ലാലിന്റേയും ഒരു സ്വപ്‌ന സിനിമ തന്നെയായിരുന്നു മരയ്ക്കാര്‍ എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.


ആന്റണി പെരുമ്പാവൂര്‍ ഒരു വലിയ റിസ്‌ക് എടുത്തിട്ടാണ് ഇങ്ങനെ ഒരു സിനിമയ്ക്ക് വേണ്ടി തയ്യാറായത്. അക്കാര്യത്തില്‍ വലിയ നന്ദി അദ്ദേഹത്തോടുണ്ട്. സിനിമ പ്രേക്ഷകര്‍ അംഗീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും പുരസ്‌കാരം ലഭിക്കുമെന്നൊന്നും കരുതിയിരുന്നില്ല. എന്നാല്‍ ഇതിനേക്കാള്‍ വലിയ പുരസ്‌കാരം പ്രേക്ഷകരില്‍ നിന്നാണ് കിട്ടേണ്ടത്. അതാണ് ഏറ്റവും വലിയ അവാര്‍ഡ്. പിന്നെ ആളുകളുടെ പ്രതീക്ഷ കൂടുന്നതും ഒരു കുഴപ്പമാണ്. പക്ഷേ സിനിമയില്‍ വിശ്വാസമുണ്ട്, പ്രിയദര്‍ശന്‍ പറയുന്നു.

എന്റേയും ലാലിന്റേയും ഏറ്റവും മികച്ച സിനിമ ഏതാണെന്ന് പലരും മോഹന്‍ലാലിനോട് ചോദിക്കാറുണ്ട്. നല്ല സിനിമ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ലാല്‍ അതിന് മറുപടി നല്‍കാറുള്ളത്. ഇപ്പോഴും എനിക്ക് ഉറപ്പാണ് ലാലിന്റെ മറുപടി അത് തന്നെയായിരിക്കും. ആ ഒരു സ്പിരിറ്റ് ഉണ്ടെങ്കിലേ നമുക്ക് മുന്നോട്ട് പോകാന്‍ പറ്റുള്ളൂ, പ്രിയദര്‍ശന്‍ പറയുന്നു. സിനിമയ്ക്ക് ഭാഷയൊന്നുമില്ലെന്നും അതുകൊണ്ട് തന്നെ എല്ലാ ഭാഷകളിലും സിനിമ എടുക്കുന്നതില്‍ പ്രയാസം തോന്നിയിട്ടില്ലെന്നും അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു. ഇപ്പോള്‍ ഞാന്‍ ഒരു മറാഠി സിനിമ ചെയ്യുന്നുണ്ട്. മറാഠി സംസാരിക്കാനറിയില്ല. എങ്കിലും സിനിമയുടെ ഭാഷയില്‍ അത് ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് വിശ്വാസമുണ്ട്. സിനിമാറ്റിക് ലാംഗ്വേജില്‍ സംസാര ഭാഷ പ്രശ്‌നമല്ല, പ്രിയദര്‍ശന്‍ പറഞ്ഞു.

Related posts