ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാലിക്. നിമിഷ സജയന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, സലിംകുമാര്‍, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോൾ എന്തുകൊണ്ടാണ് താൻ ഫഹദ് ഫാസിലിനെ മാത്രം പ്രധാന കഥാപാത്രമായി സിനിമയെടുക്കുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായന്‍ മഹേഷ് നാരായണന്‍. മാലിക് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
ആദ്യം ചെയ്യാനിരുന്ന സിനിമയാണ് മാലിക്. ഒരുമിച്ച് ഒരു സിനിമ ചെയ്യാം എന്ന് ആഗ്രഹിച്ച സമയം മുതല്‍ കൂടെയുള്ളയാളാണ് ഫഹദ്. അതിപ്പോഴാണ് നടക്കുന്നത് എന്നേയുള്ളു. ടേക്ക് ഓഫ് എന്ന സിനിമയില്‍ അവസാനം വന്ന നടനാണ് ഫഹദ്. സിനിമയുണ്ടാകുന്ന സമയത്ത് ബിസിനസ് എന്നത് വലിയൊരു ഘടകമാണ്. ഒരു പുതിയ സംവിധായകന്‍ സിനിമ ഉണ്ടാക്കാന്‍ നടക്കുന്നു. എഡിറ്റര്‍ എന്ന് പറയുന്നത് രണ്ടാമത്തെ വിഷയമാണ്. അങ്ങനെയൊരു സമയത്ത് സിനിമ നിര്‍മ്മിക്കാന്‍ എനിക്ക് ഫഹദിനെ പോലെ ഒരാളെ ആവശ്യമായിരുന്നു. അതിലൂടെ മാത്രമെ സിനിമയ്ക്ക് ആവശ്യമായ ബജറ്റ് കിട്ടുള്ളു. അതിന് വേണ്ടി ഫഹദ് ഒന്ന് സഹായിച്ചതാണ് എന്ന് മഹേഷ് നാരായണൻ പറയുന്നു
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. ജൂലൈ 15നാണ് മാലിക് റിലീസ് ചെയ്യുന്നത്. ചിത്രം ഒ.ടി.ടി. റിലീസ് ആയി ആമസോണ്‍ പ്രൈമിലാണ് എത്തുന്നത്. 2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു. പിന്നീട് രണ്ടാം തരംഗം ശക്തമായതോടെയാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.