രാത്രി അതേ നമ്പറിൽ നിന്നും വീണ്ടും ഫോൺ വന്നു! നെടുമുടി വേണുവിന്റെ വിയോഗത്തെ കുറിച്ച് ഫാസിൽ!

മലയാള സിനിമയെ കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടൻ നെടുമുടി വേണുവിന്റേത്. നാടക വേദിയിൽ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ വളരെ അനായാസം താരം അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ വേണുവുമായുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് സംവിധായകൻ ഫാസിൽ. 53 വർഷത്തെ ചങ്ങാത്തമായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം വിളിച്ചതും ഫാസിലിനെ ആയിരുന്നു.

 

രാവിലെ ഒരു എട്ടുമണിയോടെ ആയിരുന്നു ഫോൺ വന്നത്. എന്താ വേണുവേ എന്ന് ചോദിച്ചപ്പോൾ. ഒന്നുമില്ല കുറേ ആയില്ലേ സംസാരിച്ചിട്ട് അതുെകാണ്ട് വിളിച്ചതാണ് എന്നായിരുന്നു മറുപടി. ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുൻപായിരുന്നു ഈ വിളി. ആശുപത്രിയിൽ എത്തിക്കഴിഞ്ഞ ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി അതേ നമ്പറിൽ നിന്നും വീണ്ടും ഫോൺ വന്നു. അദ്ദേഹത്തിന്റെ മകൻ ഉണ്ണിയായിരുന്നു. അത് അപ്പോഴാണ് അദ്ദേഹത്തിന്റെ അതീവഗുരുതരാവസ്ഥയെ പറ്റി അറിയുന്നത്. വ്യക്തിപരമായ വലിയ നഷ്ടമാണ് വേണുവിന്റെ വേർപാട്. സിനിമയിലാണെങ്കിൽ ഒരു നാഷനൽ അവാർഡ് ലഭിച്ചില്ല എന്നതൊഴിച്ചാൽ ബാക്കിയെല്ലാം നേടി വേണു. സോമൻ, സുകുമാരൻ, രതീഷ് ആ തലമുറയിൽ തിളങ്ങി. മമ്മൂട്ടി, മോഹൻലാൽ അവിടെയും വേണു നിറഞ്ഞു. ഇപ്പോഴത്തെ പൃഥ്വി, കുഞ്ചാക്കോ ബോബൻ, ഫഹദ് അവർക്കൊപ്പവും ഈ തലമുറയിലും വേണു നിറഞ്ഞുനിന്നു


ഞങ്ങൾ തമ്മിൽ 53 വർഷത്തെ ബന്ധമുണ്ട്. ഒരുമിച്ചായിരുന്നു കോളജ് പഠനം. ഒരുമിച്ച്‌ മിമിക്രി ചെയ്തു, ഒരുതട്ടിൽ നാടകം ചെയ്തു. ഒരുഘട്ടത്തിൽ വേണു തിരുവനന്തപുരത്ത് സിനിമയ്ക്കായി പോയി. പത്മരാജനും ഭരതനുമടക്കം നിരവധിപേർ അദ്ദേഹത്തെ ഏറ്റെടുക്കാൻ നിൽക്കുന്നുണ്ടായിരുന്നു. ഉദയ-നവോദയയുടെ കൂടെ ഞാനും സംവിധായകനായി മാറി. മൂന്ന് തലമുറക്കൊപ്പം നടന്ന താരമാണ് നെടുമുടി വേണു. അദ്ദേഹം മലയാളസിനിമയിൽ നിറഞ്ഞാടുകയായിരുന്നു. മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് കിട്ടുമെന്ന് ഞാൻ വിചാരിച്ചിരുന്നു. 35 ആം വയസ്സിലും 36 ആം വയസ്സിലും വേണു ചെയ്തപോലുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ മലയാളത്തിൽ വേറൊരാളില്ല. അദ്ദേഹം ഇനി പോകുന്ന പരലോകത്തും നിറഞ്ഞാടട്ടെ എന്നുമാണ് ഫാസിൽ പറയുന്നത്.

Related posts