സംവിധായകനായി മാറുകയാണ് മലയാള സിനിമയുടെ സൂപ്പര്‍താരം മോഹന്‍ലാല്‍. ആരാധകരും സിനിമാലോകവും ഏറെ പ്രതീക്ഷയോടെയാണ് നടനില്‍ നിന്നും സംവിധായകനിലേക്കുള്ള മോഹന്‍ലാലിന്റെ മാറ്റത്തെ നോക്കിക്കാണുന്നത്. ബറോസിന്റെ പൂജാ ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ചടങ്ങിൽ മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, തുടങ്ങിയ താരങ്ങളും സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ഫാസില്‍ തുടങ്ങിയ സംവിധായകരും പങ്കെടുത്തിരുന്നു. മിക്കവരും സംസാരിച്ചത് മോഹന്‍ലാലിലെ സംവിധായകനെ കുറിച്ചാണ്. ഇതിനിടെ ദിലീപ് അധികമാര്‍ക്കും അറിയാത്ത ഒരു കഥ പങ്കുവെക്കുകയാണ്.
ഇവിടെ സത്യേട്ടന്‍ ലാലേട്ടനിലെ സംവിധായകനെ കുറിച്ച് പറയുകയുണ്ടായി. അത് ഞാന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. ലാലേട്ടനായിരുന്നു ഉള്ളടക്കം എന്ന ചിത്രത്തിലെ ഒരു ഫൈറ്റ് രംഗം കമ്പോസ് ചെയ്തത്. ഞാനും ലാല്‍ ജോസുമായിരുന്നു അന്ന് ലാലേട്ടന്റെ സഹായികളായി ഉണ്ടായിരുന്നത്. അദ്ദേഹം അങ്ങോട്ട് എടുത്തിട്ട് ഇടിക്കുക ഇങ്ങോട്ട് എടുത്തിട്ട് ഇടിക്കുക എന്നൊക്കെ പറയുമ്പോള്‍ അത് ഞങ്ങള്‍ കാണിച്ചു കൊടുക്കുമായിരുന്നു. ലാലേട്ടനായിരുന്നു അത് മൊത്തം കമ്പോസ് ചെയ്തത് എന്ന് ദിലീപ് പറഞ്ഞു. ചെറിയ വേഷമെങ്കിലും ഉണ്ടോ എന്നായിരുന്നു ലാലേട്ടന്‍ സിനിമ ചെയ്യുന്നുവെന്ന് കേട്ടപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത്. പക്ഷെ അതിനും സ്‌കോപ്പില്ലെന്ന് ഇതിലെ ആള്‍ക്കാരെ കണ്ടപ്പോഴാണ് മനസിലായത് എന്ന് ദിലീപ് കൂട്ടിച്ചേര്‍ത്തു.
നടന്‍ പൃഥ്വിരാജും ബറോസില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ സംവിധാനമായ ലൂസിഫറില്‍ നായകന്‍. പൃഥ്വിരാജ് മോഹന്‍ലാലിനോടും ആന്റണി പെരുമ്പാവൂരിനോടും ബറോസില്‍ തനിക്ക് അവസരം നല്‍കിയതിന് നന്ദി പറഞ്ഞു. ഞാന്‍ ആദ്യം തന്നെ ലാലേട്ടനോട് നന്ദി പറയുകയാണ്. ഇന്ത്യയിലെ ഏത് ഭാഷയിലേയും ലോകത്തിലെ തന്നെ ഏതൊരു നടനേയും അദ്ദേഹത്തിന് ആ റോളില്‍ കൊണ്ടുവരാമായിരുന്നു. പക്ഷെ എന്നെ തന്നെ വിളിച്ചതിന് ഞാന്‍ ഒരുപാട് നന്ദി പറയുകയാണ്- പൃഥ്വിരാജ് പറഞ്ഞു.