എല്ലാവരും കരുതുന്നത് അങ്ങനെയാണ് എന്നാൽ അതല്ല സത്യം! മനസ്സ് തുറന്ന് ദേവിക!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്‌ ദേവിക നമ്പ്യാർ. നായികയായും അവതാരകയായും താരമെത്തിയിരുന്നു. ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവുമായുള്ള താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. ഇപ്പോള്‍ വിവാഹത്തെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ദേവിക. ഇരുവരും ഒരുമിച്ച് സീരിയലില്‍ വര്‍ക്ക് ചെയ്തിരുന്നപ്പോള്‍ പ്രണയത്തിലായതാണോ എന്നതായിരുന്നു അധികം ആള്‍ക്കാരുടെയും സംശയം. എന്നാല്‍ സീരിയല്‍ വര്‍ക്കിനിടയിലാണ് ആദ്യമായി കണ്ടതെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവാഹം കഴിച്ചേക്കാം എന്ന തീരുമാനത്തില്‍ എത്തിയതെന്നാണ് ദേവിക വ്യക്തമാക്കുന്നത്.


ദേവികയുടെ വാക്കുകളിങ്ങനെ, ‘വളരെ കാലമായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. എന്നാല്‍ ഞങ്ങളുടേത് പ്രണയവിവാഹം അല്ല. ശരിക്കും പറഞ്ഞാല്‍ അദ്ദേഹം എന്റെ ബന്ധുവാണ്. 2012 ല്‍ ഞാന്‍ മഴവില്‍ മനോരമയിലെ പരിണയം എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. സുധീപ് കാരാട്ട് ആയിരുന്നു അതിന്റെ പ്രൊഡ്യൂസര്‍. അതിലൊരു പാട്ട് പാടാമോന്ന് അദ്ദേഹം ഒരിക്കല്‍ എന്നോട് ചോദിച്ചു. എനിക്ക് പാടാന്‍ വളരെ ഇഷ്ടമാണ്. അതുകൊണ്ട് ശ്രമിച്ച് നോക്കാമെന്ന് കരുതി. അതിന്റെ കമ്പോസര്‍ വിജയ് മാധവ് ആയിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്.


അന്നെനിക്ക് പാട്ട് പറഞ്ഞ് തന്നത് കൊണ്ട് മാഷേ എന്നാണ് വിളിച്ചിരുന്നത്. അധികമൊന്നും സംസാരിക്കുന്ന പ്രകൃതമല്ല. അതുകൊണ്ട് ജാഡ ആണെന്നാണ് ആദ്യമെനിക്ക് തോന്നിയത്. പിന്നീട് കുറേകാലം കണ്ടിട്ടില്ല. 2015 ല്‍ അമ്മയുടെ കുടുംബക്ഷേത്രത്തില്‍ പോയപ്പോള്‍ അദ്ദേഹം കുടുംബസമേതം അവിടെയുണ്ട്. അങ്ങനെയാണ് ഞങ്ങള്‍ അടുത്ത ബന്ധുക്കള്‍ കൂടിയാണെന്ന് അറിയുന്നത്. പിന്നെ ഇടയ്ക്ക് വര്‍ക്കിന്റെ കാര്യങ്ങളൊക്കെ പറഞ്ഞ് വിളിക്കാന്‍ തുടങ്ങി. കഴിഞ്ഞ ലോക്ഡൗണില്‍ അദ്ദേഹം യോഗ ക്ലാസ് തുടങ്ങി. അവിടെ ഞാനും ഉണ്ടായിരുന്നു. അങ്ങനെ നല്ല സുഹൃത്തുക്കളായി.

എന്റെ വീട്ടില്‍ കല്യാണാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് മാഷിന്റെ വീട്ടില്‍ പോകാറുള്ളത് കൊണ്ട് അദ്ദേഹത്തിന്റെ അമ്മയും അനിയത്തിയുമായി നല്ല അടുപ്പമായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ അനിയത്തിയാണ് നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ എന്ന് ചോദിക്കുന്നത്. ആ ചോദ്യം ഞങ്ങളുടെ കുടുംബങ്ങള്‍ക്കിടയില്‍ നിന്നാണ് ഉണ്ടായത്. അതേ കുറിച്ച് ഞങ്ങള്‍ ആലോചിച്ചിരുന്നില്ല. യാതൊരു പരിചയവും ഇല്ലാത്ത ആളെ കല്യാണം കഴിക്കുന്നതിലും നല്ലത് പരസ്പരം അറിയുന്ന ഞങ്ങള്‍ വിവാഹം കഴിക്കുന്നതല്ലേ എന്ന ചിന്ത അവിടെ നിന്നുമാണ് ഉണ്ടാവുന്നത്. ഇത് ശരിയാകുമോ എന്ന് പലവട്ടം ആലോച്ചിരുന്നു. ഒടുവില്‍ കറങ്ങി തിരിഞ്ഞ് അവിടെ തന്നെ എത്തി.

Related posts