BY AISWARYA
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘അണ്ണാത്തെ’ കൈയടിയും ആരവും ആഘോഷവുമായി തിയേറ്ററില്‍ നിറഞ്ഞാടുന്നു.
കേരളത്തിലെ ആദ്യ പ്രദര്‍ശനം കഴിഞ്ഞു. പതിവു പോലെ തന്നെ രജനിയുടെ സിനിമയ്ക്ക് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്. രജനികാന്ത് ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ കൊട്ടും ബാന്‍ഡുമേളവുമൊക്കെയായി രജനി ഫാന്‍സ് പുലര്‍ച്ചെ തന്നെ തിയേറ്ററിന്റെ മുന്നില്‍ തടിച്ചു കൂടിയിരുന്നു. ദീപാവലി റിലീസായി എത്തിയ ചിത്രം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശുപത്രി വിട്ടതിന്റെ ആഘോഷം കൂടിയാണ്. ഒരുപാട് നാളിന് ശേഷം തിയേറ്ററില്‍ സിനിമ കാണുന്നതിന്റെ സന്തോഷം കൂടിയുണ്ട് ആരാധകര്‍ക്ക്. വിശ്വാസം, വീരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സിരുത്തൈ ശിവയുമായി രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്. വന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ നായിക ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയാണ്. ഒപ്പം കീര്‍ത്തി സുരേഷ്, ഖൃശ്ബു, മീന, പ്രകാശ് രാജ്, സുരി തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ അണ്ണാത്തെയിലുണ്ട്.
അണ്ണാത്തെ തമിഴ്‌നാട്ടില്‍ 650ലധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററുകള്‍ 100% സീറ്റിംഗ് കപ്പാസിറ്റി പുനഃരാരംഭിച്ചതിനാല്‍ ഒരിടവേളയ്ക്ക് ശേഷം ആരാധകര്‍ മുഴുവന്‍ സീറ്റുകളില്‍ ഇരുന്നുകൊണ്ട് സിനിമ ആസ്വദിക്കാം. ആരാധകര്‍ ആഘോഷമാകുന്ന ഒരു രജനികാന്ത് ചിത്രം എന്ന നിലയ്ക്കു തന്നെയാണ് അണ്ണാത്തെ റിപ്പോര്‍ട്ടുകളില്‍ നിറയുന്നത്.