ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് ഇടയിൽ ഒരു ചെറിയ സിനിമയായെത്തി പിന്നീടത് മലയാളത്തിലെ വമ്പന്‍ വിജയമായി മാറിയ ചിത്രമാണ് ജാന്‍ എ മന്‍. നവാഗതനായ ചിദംബരത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ ചിദംബരവും സഹോദരനും നടനുമായ ഗണപതിയും ചേര്‍ന്നായിരുന്നു എഴുതിയത്. തിയേറ്ററില്‍ 100 ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ജാന്‍ എ മന്‍. ചിത്രത്തിന്റെ 100 ഡേയ്‌സ് സെലിബ്രേഷനും കഴിഞ്ഞ ദിവസം നടന്നിരുന്നു. ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് നടി ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. താന്‍ ഒരു ജാന്‍ എ മന്‍ ഫാനാണെന്നും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് ബേസിലിനൊപ്പം പോയികണ്ട സിനിമയാണിതെന്നുമാണ് ദര്‍ശന പറഞ്ഞത്.
ഞാന്‍ ഒരു ജാന്‍ എ മന്‍ ഫാനാണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടതാണ്. ഷോ കണ്ടിട്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ മെസേജ് അയച്ചിട്ടുണ്ട്, അല്ലെങ്കില്‍ വിളിച്ചിട്ടുണ്ട്. ഞാന്‍ പോയത് ബേസിലിന്റെ കൂടെയായിരുന്നു. ബേസില്‍ വാസ് ക്യൂയിങ് ദ ഓഡിയന്‍സ്. വര്‍ക്കാവാന്‍ പോവുന്ന എല്ലാ സീനുകളിലും ഏറ്റവും ഉറക്കെ ചിരിച്ചത് ബേസിലായിരുന്നു. ഐ ഹാഡ് സച്ച് എ ഗ്രേറ്റ് ടൈം. അത്രയും നല്ല സിനിമയാണ്. ഇങ്ങനത്തെ ഒരു സമയത്തും ഇതുപോലുള്ള ഒരു ചെറിയ പടത്തിന് 100 ദിവസം സെലിബ്രേറ്റ് ചെയ്യാന്‍ പറ്റുന്നത് വലിയ കാര്യമാണ്. ഈ സെലിബ്രേഷന്റെ ഭാഗമായതില്‍ സന്തോഷമുണ്ട് എന്നും ദര്‍ശന പറഞ്ഞു.
ബേസില്‍ ജോസഫ്, ഗണപതി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ബാലു വര്‍ഗീസ്, റിയ സൈറ, ലാല്‍ എന്നിവരായിരുന്നു ജാന്‍ എ മനില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. അതേസമയം, ദര്‍ശനയും ബേസിലും ഒരുമിച്ചെത്തുന്ന രണ്ട് ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ഡിയര്‍ ഫ്രണ്ട്, വിപിന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ജയ ജയ ജയ ജയഹേ എന്നിവയാണ് ഇത്. ഡിയര്‍ ഫ്രണ്ടില്‍ ടൊവിനോ തോമസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പിനെ നായകനാക്കി അന്താക്ഷരി എന്ന ത്രില്ലറൊരുക്കിയ വിപിന്‍ ദാസിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ജയ ജയ ജയ ജയഹേ. സിനിമയുടെ പുറത്തുവന്ന പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.