ഫൈസര്‍- ബയോണ്‍ടെകിന്റെ കണ്ടെത്തലിൽ കോവിഡ് വാക്സിന് സംബന്ധിച്ച രേഖകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി പറയുന്നു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) സെര്‍വറിലുണ്ടായ സൈബര്‍ ആക്രമണത്തിലാണു കോവിഡ് വാക്സിന് സംബന്ധിച്ച രേഖകള്‍ ഹാക്ക് ചെയ്യപ്പെട്ടതെന്നു ഫൈസര്‍- ബയോണ്‍ടെക് അറിയിച്ചു. വാക്സിന് ഉപയോഗത്തിന് അനുമതി തേടിയാണു നിര്‍ണായക രേഖകള്‍ ഇഎംഎയ്ക്ക് സമര്‍പ്പിച്ചത്.
യൂറോപ്പ്യന്‍ യൂണിയനില്‍ വാക്സിന് വികസനത്തിനും മരുന്നുകള്‍ക്ക് അംഗീകാരം നല്‍കുന്നതിലുമുള്ള ഉത്തരവാദിത്തം വഹിക്കുന്നതു യൂറോപ്യന്‍ മെഡിസിന് ഏജന്‍സിയാണ്. ഇക്കാര്യത്തില്‍ ആഴ്ചകള്‍ക്കുള്ളില്‍ അന്തിമ തീരുമാനം വരാനിരിക്കെയാണു രേഖകള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇഎംഎ തയാറായില്ല. അതേസമയം, വാക്സിന് അനുമതി നല്‍കുന്നതിനെ ഹാക്കിംഗ് ബാധിക്കില്ലെന്ന് ഇഎംഎ അറിയിച്ചതായും ഫൈസര്‍- ബയോണ്‍ടെക് പ്രസ്താവനയില്‍ വ്യക്തമാക്കി.